സ്ത്രീ-പുരുഷ അനുപാതത്തിൽ വലിയ വ്യത്യാസം വന്നാൽ അത് കുറേ പ്രശ്നങ്ങളുണ്ടാക്കും അല്ലേ? എന്തിന് വിവാഹം നടക്കാതിരിക്കാൻ വരെ അത് കാരണമായി തീർന്നേക്കും. അതുപോലെ സംഭവിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലും. ഒടുവിൽ വിവാഹം ചെയ്യാൻ പെണ്ണ് കിട്ടാനില്ലാത്തതിനാൽ പരാതിയുമായി കലക്ടറേറ്റിലേക്ക് വരെ യുവാക്കൾ മാർച്ച് നടത്തി. തങ്ങൾക്ക് അനുയോജ്യരായ വധുക്കളെ കണ്ടെത്തി തരണം എന്നും യുവാക്കൾ ആവശ്യപ്പെട്ടു.
പെൺഭ്രൂണഹത്യ, ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയം ഇവയെല്ലാം പെൺകുഞ്ഞുങ്ങളുടെ എണ്ണം നാട്ടിൽ കുറയുന്നതിന് കാരണമായിത്തീരുന്നു എന്നും യുവാക്കൾ ആരോപിച്ചു. അത് ഇല്ലാതെയാക്കാനുള്ള നടപടികൾ എടുക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനവും ഇവർ കലക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. പരാതിയും പ്രതിഷേധവും അറിയിക്കാനായി യുവാക്കൾ പോയത് കുതിരപ്പുറത്താണ്. മാത്രമല്ല, പലരും മണവാളന്റെ വേഷവും ധരിച്ചിട്ടുണ്ടായിരുന്നു, പോരാത്തതിന് മാർച്ചിന് സംഗീതത്തിന്റെ അകമ്പടിയും ഉണ്ടായിരുന്നു.
വിവാഹ പ്രായമായിട്ടും വിവാഹം കഴിക്കാൻ യുവതികളെ കിട്ടാത്തതിൽ നിരാശരായ യുവാക്കൾ തങ്ങൾക്ക് അനുയോജ്യരായ യുവതികളെ വിവാഹം കഴിക്കാൻ കണ്ടെത്തി തരണം എന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ സ്ത്രീ പുരുഷാനുപാതം ആയിരം ആൺകുട്ടികൾക്ക് 889 പെൺകുട്ടികൾ എന്നാണ്. അതെങ്ങനെയാണ് ശരിയാവുക എന്ന ചോദ്യവും പ്രതിഷേധവുമായി മാർച്ച് നടത്തിയ യുവാക്കൾ ഉന്നയിച്ചു.
‘ആളുകൾ ഈ പ്രതിഷേധ മാർച്ചിനെ കളിയാക്കിയേക്കും എന്നാൽ യാഥാർത്ഥ്യം എന്താണെന്നാൽ വിവാഹ പ്രായമെത്തിയ യുവാക്കൾക്ക് ഇവിടെ വിവാഹം കഴിക്കാൻ വധുവിനെ കിട്ടുന്നില്ല. അതിന് കാരണം ഇവിടുത്തെ സ്ത്രീ-പുരുഷ അനുപാതത്തിലെ വ്യത്യാസമാണ്. അതിന് കാരണം പെൺഭ്രൂണ ഹത്യയാണ്. അത് ഇല്ലാതെയാക്കാൻ ഇടപെടേണ്ടത് സർക്കാരാണ്’ എന്ന് മാർച്ച് സംഘടിപ്പിച്ച ജ്യോതി ക്രാന്തി പരിഷത്തിന്റെ സ്ഥാപകനായ രമേഷ് ഭരസ്കർ മാധ്യമങ്ങളോട് പറഞ്ഞു.