IndiaNEWS

പുതിയ കോവിഡ് ​വൈറസ് സാന്നിധ്യം ഇന്ത്യയിലും; പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു

ന്യൂഡൽഹി: ബി.എഫ്. 7 ഇനം കോവിഡ് ​​വൈറസ് സാന്നിധ്യം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് യോഗം. പ്രതിരോധ നടപടികൾ, നിലവിലെ കോവിഡ് സ്ഥിതി തുടങ്ങിയവ പ്രധാനമന്ത്രി വിലയിരുത്തും. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, ആരോഗ്യവിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളിൽ പുതിയ കോവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 ഒമൈക്രോൺ വകഭേദം ഇന്ത്യയിൽ നാലുപേരിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ 61 കാരിയിലാണ് ഗുജറാത്തിൽ രോഗബാധ സ്ഥിരീകരിച്ചത്. അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7 എന്നാണ് റിപ്പോർട്ട്.

വിദേശരാജ്യങ്ങളിൽ കോവിഡ് വ്യാപനം കൂടിയത് കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ സ്രവം ജനിതക ശ്രേണീകരണത്തിന് വിധേയമാക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. രാജ്യാന്തര വിമാന യാത്രികരുടെ സ്രവസാംപിളുകൾ പരിശോധിക്കുന്നതും പുനഃരാരംഭിച്ചിട്ടുണ്ട്.  നിലവിൽ രാജ്യത്ത് കൊറോണ വൈറസിന്റെ 10 വ്യത്യസ്ത വകഭേദങ്ങളാണുള്ളത്. ഏറ്റവും പുതിയ വേരിയന്റ് ബിഎഫ്.7 ആണ്.
അതേസമയം സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.
ജനങ്ങൾ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ നിർദേശിച്ചിരുന്നു.
വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കും. വിദേശത്തുനിന്നെത്തുവരിൽനിന്ന് രോഗം പടരുന്നത് തടയാൻ വിമാനത്താവളങ്ങൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ നൽകും. കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ല. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും മതിയായ പരിശോധനകൾ നടക്കുന്നുണ്ടെന്നും കോവിഡ് ദേശീയ ടാസ്‌ക് ഫോഴ്‌സ് തലവനായ നിതി ആയോഗ് അംഗം വി.കെ. പോൾ പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. രാജ്യാന്തര യാത്രികർക്കായുള്ള മാർഗനിർദേശങ്ങളിൽ ഇതുവരെ മാറ്റംവരുത്തിയിട്ടില്ല. രോഗങ്ങൾ ഉള്ളവരും പ്രായമായവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കോവിഡ് പോസിറ്റീവ് കേസുകളുടെയും സാമ്പിളുകൾ ജനിതകശ്രേണീകരണത്തിനായി അയയ്ക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ജപ്പാൻ, അമേരിക്ക, കൊറിയ, ബ്രസീൽ, ​​ചൈന എന്നിവിടങ്ങളിലാണ് കോവിഡ്‌കേസുകളിൽ വൻകുതിച്ചുചാട്ടം ഉണ്ടായത്. അതിനാൽ, ഈ രാജ്യങ്ങളിൽ പടരുന്ന ഇനം കോവിഡ് ​വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാൻ ജനിതകശ്രേണീകരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

Back to top button
error: