മലയാളത്തിൽ ചരിത്രമായി മാറിയ ‘മുടിയനായ പുത്രൻ’ സ്ക്രീനിലെത്തിയിട്ട് ഇന്ന് 61 വർഷം
സിനിമ ഓർമ്മ
തോപ്പിൽ ഭാസിയുടെ വിഖ്യാത നാടകത്തിന് രാമു കാര്യാട്ട് നൽകിയ ചലച്ചിത്ര ഭാഷ്യം ‘മുടിയനായ പുത്രൻ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 61 വർഷമായി. 1957ൽ എഴുതപ്പെട്ട, 1959ൽ സാഹിത്യ അക്കാദമി അവാർഡ് നേടിയ കെപിഎസി നാടകമാണ് 1961 -ൽ സിനിമയായത്. നിർമ്മാണം ടി.കെ പരീക്കുട്ടി.
ആന്റിഹീറോ നായകനാകുന്നത് നമ്മൾ ആദ്യം കാണുന്നത് ‘മുടിയനായ പുത്രനി’ലാണ്. സത്യൻ അവതരിപ്പിച്ച രാജൻ എന്ന കഥാപാത്രം പേനാക്കത്തി വീശി, അടിപിടിയുണ്ടാക്കി, കള്ളും കുടിച്ച് നടക്കുന്ന ‘മുടിയനാ’യതിന് പിന്നിൽ അയാളുടെ പ്രേമഭാജനമായ രാധയെ (അംബിക) അയാൾക്ക് നഷ്ടമായതാണ് കാരണം. അയാളുടെ ജ്യേഷ്ഠനാണ് രാധയുടെ ഭർത്താവ് (കോട്ടയം ചെല്ലപ്പൻ). ജ്യേഷ്ഠൻ ഗുണ്ടകളെ അയച്ച് രാജനെ മർദ്ദിച്ച് അവശനാക്കി. ശരീരത്തിന്റെയും മനസിന്റെയും അവശതകളിൽ നിന്നും രാജൻ കര കയറുന്നത് ചാത്തപ്പുലയന്റെ (കാമ്പിശ്ശേരി കരുണാകരൻ) പുൽമാടത്തിലാണ്. പുലയന്റെ മകൾ ചെല്ലമ്മയെ (മിസ് കുമാരി) ഒരിക്കൽ കയറിപ്പിടിച്ചയാളാണ് രാജൻ. ‘കുറെ കുപ്പിവളച്ചില്ലുകളെ ഒരാൾ ഭയപ്പെടുകയോ’ എന്ന് പുച്ഛിച്ചയാൾ പുതിയ മനുഷ്യനാവുകയാണ്. തൊഴിലാളി നേതാവ് വാസുവിലൂടെയും (പിജെ ആന്റണി) ചെല്ലമ്മയിലൂടെയുമാണ് പച്ചമനുഷ്യന്റെ മുഖം രാജൻ കാണുന്നത്.
ഇതിനോടകം മുതലാളിയായി മാറിയിരുന്ന ജ്യേഷ്ഠന്റെ കിരാതവാഴ്ചയിൽ തൊഴിലാളികൾ സമരം ചെയ്‌തു തുടങ്ങി. കലാപത്തിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. വാസു ജയിലിൽ പോയാൽ അത് നാടിന് നഷ്ടമാകുമെന്ന് ചിന്തിച്ച് കൊലക്കുറ്റം രാജൻ ഏറ്റെടുക്കുന്നു.
നാടകത്തിലെ ഒ.എൻ.വി-ദേവരാജൻ എവർഗ്രീൻ പാട്ടുകളെ അതിശയിക്കാൻ സിനിമയിൽ പി ഭാസ്‌ക്കരൻ-ബാബുരാജ് ടീമിന്റെ ഗാനങ്ങൾക്ക് കഴിഞ്ഞില്ല. എങ്കിലും സിനിമ ചരിത്രമായി. നേതാവായ നായകൻ, ക്രൂരനായ മുതലാളി, എന്തിനും പോന്ന ഗുണ്ട എന്നീ വേഷങ്ങളുടെ ആദ്യ മാതൃകകൾ പ്രത്യക്ഷപ്പെട്ടത് ഈ ചിത്രത്തിലാണ്.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ