Health

മാരക രോഗങ്ങൾ വിലകൊടുത്ത് വാങ്ങണോ…? കെമിക്കലും റബ്ബറും ഉപയോഗിച്ച് നിർമ്മിച്ച വ്യാജമുട്ടകൾ വിപണിയില്‍ സുലഭം, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഇവ ഇങ്ങനെ തിരിച്ചറിയാം…!

  ദിവസവും ഒരു മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമെന്ന് ഡോക്ടർമാർ പറയുന്നു. മുട്ടകള്‍ പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടമാണ്. ശൈത്യകാലം ആരംഭിച്ചതോടെ ഇവയുടെ ആവശ്യവും വര്‍ധിച്ചു. എന്നാല്‍ നമ്മുടെ അലസതയും അശ്രദ്ധയും മൂലം, വിപണിയില്‍ സുലഭമായ വ്യാജ മുട്ടകൾ വാങ്ങി ഉപയോഗിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളായിരിക്കും ഫലം. വിപണിയില്‍ വ്യാപകമായി വിൽക്കുന്ന വ്യാജ മുട്ടകൾ കെമിക്കല്‍, റബര്‍ എന്നിവയില്‍ നിര്‍മ്മിച്ചവയാണെന്ന് മനസ്സിലാക്കുക.

വിദേശങ്ങളില്‍ നിന്നുള്ള വ്യാജ കോഴിമുട്ടകള്‍ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, തായ് വിപണികളില്‍ വ്യാപകമായി വിറ്റഴിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ. കാല്‍സ്യം കാര്‍ബണേറ്റ്, പാരഫിന്‍ വാക്സ്, ജിപ്സം പൗഡര്‍ എന്നിവ ഉപയോഗിച്ചാണത്രേ വ്യാജ മുട്ടത്തോടുകള്‍ നിര്‍മിക്കുന്നത്. മുട്ടയുടെ മഞ്ഞക്കരു, വെള്ള എന്നിവ സോഡിയം ആല്‍ജിനേറ്റ്, ആലം, ജെലാറ്റിന്‍, ഭക്ഷ്യയോഗ്യമായ കാല്‍സ്യം ക്ലോറൈഡ്, ബെന്‍സോയിക് ആസിഡ്, വെള്ളം, ഫുഡ് കളറിംഗ് എന്നിവ കൊണ്ടാണ് നിര്‍മ്മിക്കുന്നതെന്നും പറയുന്നു.

അബദ്ധത്തില്‍ പോലും ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വൻ ആരോഗ്യ പ്രശ്നത്തിനു വഴിവെക്കും. രാസവസ്തുക്കള്‍ മസ്തിഷ്‌കത്തിനും നാഡീകോശങ്ങള്‍ക്കും കേടുപാടുകള്‍, കരള്‍ രോഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും രക്ത ഉല്‍പാദനത്തെ ബാധിക്കുമെന്നും പറയുന്നു. അതുകൊണ്ട് തന്നെ മുട്ട യഥാര്‍ത്ഥമാണോ വ്യാജമാണോ എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. കാരണം അവ കാഴ്ചയില്‍ ഒരുപോലെയാണ്. മുട്ട വാങ്ങുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഓർക്കുക.

മുട്ട ശക്തമായി കുലുക്കുക

യഥാര്‍ത്ഥവും വ്യാജവുമായ മുട്ടകള്‍ തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. മുട്ട ശക്തമായി കുലുക്കുക. ഉള്ളില്‍ നിന്ന് ദ്രാവകത്തിന്റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍, മുട്ടയില്‍ എന്തോ കുഴപ്പമുണ്ടെന്ന് മനസിലാക്കുക, കാരണം യഥാര്‍ത്ഥ മുട്ട കുലുക്കുമ്പോള്‍ ശബ്ദമുണ്ടാകില്ല. മുട്ട പൊട്ടിക്കാതെ പരിശോധിക്കാനുള്ള എളുപ്പവഴിയാണിത്.

കത്തിച്ചു നോക്കുക

ഒട്ടുമിക്ക ഭക്ഷ്യ ഉല്‍പന്നങ്ങളും, കത്തിച്ച് പരിശോധന നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥവും വ്യാജനും തിരിച്ചറിയാന്‍ കഴിയൂ. മുട്ടയുടെ പുറം പാളി കത്തിച്ചാല്‍, യഥാര്‍ത്ഥ മുട്ട കറുത്തതായി മാറും, പക്ഷേ വ്യാജ മുട്ടയില്‍ നിന്ന് തീജ്വാല വരും. അതായത് വ്യാജ മുട്ടയ്ക്ക് തീ പിടിക്കും. പ്ലാസ്റ്റിക്കിന്റെ മണം പുറത്ത് വരുന്നുണ്ടെങ്കിലും വ്യാജനെന്ന് മനസിലാക്കാം.

മുട്ടയുടെ മഞ്ഞക്കരു നോക്കൂ

വ്യാജ മുട്ടയുടെ മഞ്ഞക്കരുവില്‍ വെളുത്ത നിറമുള്ള പാട ദൃശ്യമാകും. അത് തിരിച്ചറിയാന്‍ മുട്ട പൊട്ടിച്ച് നോക്കണം. മഞ്ഞക്കരുവില്‍ വെളുത്ത നിറമുള്ള ദ്രാവകം ദൃശ്യമാണെങ്കില്‍, അത്തരം മുട്ടകള്‍ ഒഴിവാക്കണം.

ശ്രദ്ധിക്കുക

കൂടാതെ, കടയില്‍നിന്ന് വാങ്ങുന്ന മുട്ട രണ്ട് ആഴ്ചയില്‍ കൂടുതല്‍ പുറത്തു വയ്ക്കരുത്. കാരണം ഇതിലെ വെള്ളക്കരുവിലെ ജലാംശം ബാഷ്പീകരിച്ച് നഷ്ടമാകുകയും മഞ്ഞക്കരു മുട്ടതോടുമായി ഒട്ടിച്ചേരുകയും ചെയ്യും. തോടിലെ സുഷിരത്തിലൂടെ ബാക്ടീരിയകള്‍ മഞ്ഞക്കരുവില്‍ പ്രവേശിച്ച് അമിനോ ആസിഡുകളായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് എന്ന ദുര്‍ഗന്ധ വാതകം ഉണ്ടാക്കും. ഇതാണ് ചീമുട്ടയ്ക്ക് ദുഃസ്സഹമായ ദുര്‍ഗന്ധം ഉണ്ടാകാന്‍ കാരണം.

Back to top button
error: