രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 100 ദിവസം പിന്നിട്ടു. മൃതാവസ്ഥയിലായ കോൺഗ്രസ് പാർട്ടിക്കു ലഭിച്ച പ്രണവായുവാണ് ഈ പ്രചരണ പരിപാടി. വിവിധ മേഖലകളിൽ ആവേശം പകർന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഒപ്പം സൈക്കിളിൽ സഞ്ചരിക്കുന്ന ഒരു 60 വയസുകാരനുണ്ട്. ബീഹാർ സ്വദേശി സത്യദേവ് മാഞ്ചി…!
ഭാരത് ജോഡോ യാത്രയിലെ ഔദ്യോഗിക അംഗമല്ലെങ്കിലും തന്‍റെ പഴസ സൈക്കിളിൽ രാഹുലിന്‍റെ യാത്രയെ അനുഗമിക്കുകയാണ് ഇദ്ദേഹം. ഇൻഡോർ മുതൽ തന്‍റെ സൈക്കിളുമായി രാഹുലിന്‍റെ യാത്രക്കൊപ്പമുണ്ട് സത്യദേവ്. നേരത്തെ കർഷകസമരത്തിലും സജീവ പങ്കാളിയായിരുന്നു സത്യദേവ് മാഞ്ചി.
രാജ്യത്തിന് ജാഗ്രത നൽകാനാണ് ഈ യാത്രയെന്നും ഇത് ജനങ്ങൾക്ക് വേണ്ടിയാണെന്നുമാണ് ഈ 60കാരന്‍ പറയുന്നത്. രാഹുലിനൊപ്പം ശ്രീനഗർ വരെ യാത്ര തന്‍റെ സൈക്കിളില്‍ യാത്ര ചെയ്യാനാണ് സത്യദേവിന്‍റെ തീരുമാനം. രാജ്യത്തെ തിരിച്ച് പിടിക്കാനായി എല്ലാ തൊഴിലാളികളും, കർഷകരും ഈ യാത്രക്കൊപ്പം ചേരണമെന്ന് സത്യദേവ് പറയുന്നു.
മോദി സര്‍ക്കാരിനെ പിടിച്ചുലച്ച കർഷകസമരത്തിലാണ് സത്യദേവ് മാഞ്ചി ആദ്യം തന്‍റെ സൈക്കിളുമായി എത്തിയത്. ദില്ലി അതിർത്തിയിലെ കർഷകപ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ബീഹാറിലെ സിവാനിൽ നിന്ന് പതിനൊന്ന് ദിവസം കൊണ്ട് ആയിരം കിലോമീറ്റർ ചവിട്ടി സത്യദേവ് മാഞ്ചി സിംഘുവിൽ എത്തി. ഒരു വർഷത്തോളം സമരക്കാരോടൊപ്പം കഴിഞ്ഞ മാഞ്ചി സമരം വിജയിച്ച് ആ സന്തോഷത്തിൽ ഗ്രാമത്തിലേക്ക് സൈക്കിളിൽ മടങ്ങി.
രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര തുടങ്ങിയതോടെ വീണ്ടും അതേസൈക്കിളിൽ യാത്ര തുടങ്ങിയിരിക്കുകയാണ് ഇദ്ദേഹം. മധ്യപ്രദേശിലെ ഇൻഡോറിൽ വച്ചാണ് മാഞ്ചി രാഹുലിന്‍റെ ഭാരത് ജോഡോ യാത്രക്കൊപ്പം ചേർന്നത്. രാജ്യത്തെ ഒന്നിപ്പിക്കാനാണ് രാഹുലിന്റെ യാത്രയെന്ന് മാഞ്ചി പറയുന്നു. രാവിലെ യാത്രക്കൊപ്പം സൈക്കിളിൽ സത്യദേവ് മാഞ്ചിയും സഞ്ചരിക്കും. യാത്ര അവസാനിക്കുന്നിടത്ത് താമസിക്കും. ഭാരത് ജോഡോ യാത്രയിലൂടെ കോൺഗ്രസിന്റെ പ്രതാപം തിരിച്ചു പിടിക്കുമെന്നാണ് മാഞ്ചി വിശ്വസിക്കുന്നത്. രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാന മന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും മാഞ്ചി പറയുന്നു.