LocalNEWS

കോട്ടയം പാദുവയിൽ പന്നകം തോട്ടില്‍ കുളിക്കാനിറങ്ങിയ 2 നഴ്‌സിങ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

   കോട്ടയത്ത് രണ്ടു നഴ്‌സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (21), വര്‍ക്കല സ്വദേശി വജന്‍ (21 എന്നിവരാണ് മരിച്ചത്. കൊല്ലം ട്രാവൻകൂർ കോളജ് ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥികളാണ് ഇരുവരും.

കോട്ടയം പാദുവയില്‍ ഇന്ന് വൈകീട്ട് 5.30 നായിരുന്നു സംഭവം. മീനച്ചിലാറിന്റെ കൈവഴിയായ പന്നകം തോട്ടില്‍ നാലംഗ സംഘം കുളിക്കാനിറങ്ങിയപ്പോഴാണ് രണ്ട് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത്.

Signature-ad

അപകടം സംഭവിച്ച് കാൽ ഒടിഞ്ഞു കിടക്കുന്ന സഹപാഠി പാദുവ ചരുവി‍ൽ ഡോണയുടെ വീട്ടിൽ സന്ദർശനത്തിന് എത്തിയതായിരുന്നു കൂട്ടുകാരായ 4 അംഗ സംഘം. സഹപാഠികളായ കൊട്ടാരക്കര സ്വദേശി അഹമ്മദ് (21), കരുനാഗപ്പള്ളി സ്വദേശി അൻസിൽ (19) എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.

മടങ്ങി പോകാനിറങ്ങിയ ഇവർ അടുത്തുള്ള പന്നഗം തോട് കാണാനായി തിരിച്ചു. മുടപ്പാല കടവ് ഭാഗത്ത് എത്തിയ സഹപാഠികൾ ചെക്ക്ഡാമിന്റെ കൽക്കെട്ടിനടുത്ത് വെള്ളത്തിൽ ഇറങ്ങി കുറേനേരം കളിച്ചു. ഇതിനിടെ അജ്മലും വജനും തോട്ടിലെ കയത്തിലേക്കു മുങ്ങി താഴുകയായിരുന്നു. വെള്ളത്തിനടിയിലേക്കു പോയവർ കുറച്ചു നേരം ആയിട്ടും ഉയർന്നു വരാത്തതിനെത്തുടർന്നു ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ നാട്ടുകാരെ വിവരം അറിയിച്ചു.

അയർക്കുന്നം പൊലീസും പാമ്പാടി അഗ്നിരക്ഷാസേനയും ഉടൻ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തി‍ൽ 4 ആൾ താഴ്ചയുള്ള കയത്തിൽ നിന്നാണ് ഇരുവരെയും ഉയർത്തിയെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

Back to top button
error: