ദോഹ: ആദ്യ പകുതിയിൽ മശിഹായും മാലഖയും ഫ്രഞ്ച് പടയുടെ പ്രതിരോധ കോട്ടകൾ പൊളിച്ചടുക്കി ആൽബിസെലസ്റ്റകൾ. ഖത്തര്‍ ലോകകപ്പിന്‍റെ കലാശപ്പോരില്‍ ലുസൈല്‍ സ്റ്റേഡിയം ലിയോണല്‍ മെസിയുടെയും അര്‍ജന്‍റീനയുടേയും കാലുകളില്‍ ഭദ്രം. 23-ാം മിനുറ്റിലെ മെസിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയ അര്‍ജന്‍റീന ആദ്യപകുതി പൂര്‍ത്തിയായപ്പോള്‍ 2-0ന് ലീഡ് ചെയ്യുകയാണ്. സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഡി മരിയയെ ഇറക്കിയ സ്‌കലോണിയുടെ തന്ത്രം വിജയിച്ചപ്പോള്‍ 36-ാം മിനുറ്റില്‍ മരിയയിലൂടെ ലാറ്റിനമേരിക്കന്‍ പട ലീഡ് രണ്ടാക്കിയുയര്‍ത്തുകയായിരുന്നു.
10 മിനുറ്റിന് ശേഷമാണ് ഫ്രാന്‍സ് ചിത്രത്തില്‍ തെളിയുന്നത്. 14-ാം മിനുറ്റിലാണ് ഫ്രാന്‍സ് അര്‍ജന്‍റീനന്‍ ഗോള്‍മുഖത്തേക്ക് ആദ്യമായി എത്തുന്നത്. 19-ാം മിനുറ്റില്‍ ഹെര്‍ണാണ്ടസിനെ ഡീപോള്‍ ഫൗള്‍ ചെയ്തതതിന് ബോക്‌സിന് തൊട്ട് പുറത്തുവച്ച് ഫ്രാന്‍സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ജിറൂഡിന്‍റെ പറന്നുള്ള ഹെഡര്‍ ബാറിന് മുകളിലൂടെ പാറി. 21-ാം മിനുറ്റില്‍ ഡിമരിയയെ ഡെംബലെ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. ലോറിസ് വലത്തോട്ട് ചാടിയപ്പോള്‍ ഇടത്തോട്ട് അനായാസം പന്ത് വലയിലാക്കി മെസി അര്‍ജന്‍റീനയെ 23-ാം മിനുറ്റില്‍ മുന്നിലെത്തിച്ചു. ഈ ലോകകപ്പില്‍ മെസിയുടെ ആറാം ഗോളാണിത്. 36-ാം മിനുറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ മക്കലിസ്റ്ററിന്‍റെ അസിസ്റ്റില്‍ മരിയ രണ്ടാം ഗോളും കണ്ടെത്തി.
ഇതോടെ ഡെംബലെയേയും ജിറൂഡിനേയും 42-ാം മിനുറ്റില്‍ പിന്‍വലിച്ച് മാര്‍ക്കസ് തുറാം, കോളോ മൗനി എന്നിവരെ ഇറക്കാന്‍ ദെഷാം നിര്‍ബന്ധിതനായി. എന്നിട്ടും കാര്യമായ ആക്രമണം അഴിച്ചുവിടാന്‍ ഫ്രഞ്ച് ടീമിനായില്ല. മറുവശത്ത് ആദ്യപകുതിയില്‍ പന്തടക്കത്തിലും ആക്രമണത്തിലും ഒരുപോലെ മേധാവിത്തം പുലര്‍ത്തി കുതിക്കുകയാണ് അര്‍ജന്‍റീന.
അര്‍ജന്‍റീന സ്റ്റാര്‍ട്ടിംഗ് ഇലവന്‍: (4-4-2): Martínez; Molina, Romero, Otamendi, Nicolas Tagliafico; Di María, De Paul, Enzo Fernández, Mac Allister; Messi, Álvarez. ഫ്രാന്‍സ് സ്റ്റാര്‍ട്ടിംഗ് ഇലന്‍: Lloris – Koundé, Varane, Upamecano, T.Hernandez – Griezmann, Tchouaméni, Rabiot – O.Dembélé, Mbappé, Giroud.