കാസര്‍ഗോഡ്: വാര്‍ത്താസമ്മേളനത്തിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുന്‍ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സി.കെ. ശ്രീധരന്‍ സ്ത്രീയായി ജനിക്കാത്തത് കേരളത്തിന്റെ ഭാഗ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
”ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ശ്രീധരന്‍ പ്രധാനപ്പെട്ട സാക്ഷികളെ വിസ്തരിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകാറില്ല, ജൂനിയേഴ്‌സിനേയാണ് അദ്ദേഹം പറഞ്ഞയക്കുക. മാര്‍ക്‌സിസ്റ്റ് നേതാവ് മോഹനനേയും അദ്ദേഹവുമായി ബന്ധപ്പെട്ട് ശിക്ഷിക്കാന്‍ ഉതകുന്ന സാക്ഷികളേയും വിസ്തരിക്കാന്‍ വിളിച്ച ദിവസങ്ങളില്‍ വിചാരണ കോടതികളില്‍ നിന്ന് മുങ്ങുന്ന കാഴ്ച അന്നും ഞങ്ങള്‍ കണ്ടു. പണത്തിന് വേണ്ടി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും, ആര്‍.എസ്.എസിലും അദ്ദേഹത്തിന് അവിഹിത ബന്ധമുണ്ട്. ഇയാളുടെ ശരീരം കോണ്‍ഗ്രസിലും മനസ് ബി.ജെ.പിയിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലുമാണ്. ഇദ്ദേഹം സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടേയും കേരളത്തിന്റേയും ഭാഗ്യം എന്നേ പറയാനുള്ളൂ” ഉണ്ണിത്താന്‍ പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് വക്കാലത്ത് ഏറ്റെടുത്ത ശേഷവും സി.കെ. ശ്രീധരന്‍ ചതി നടത്തിയിട്ടുണ്ടെന്നും ഉണ്ണിത്താന്‍ പറഞ്ഞു. പിലാത്തോസും യൂദാസും കൂടെ ചേര്‍ന്നാല്‍ എന്താണോ അതാണ് ശ്രീധരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”പെരിയ ഇരട്ടക്കൊലക്കേസ് വക്കാലത്ത് ഏറ്റെടുത്ത സി.കെ. ശ്രീധരന്‍ ഒരു ചതി നടത്തിയിട്ടുണ്ട്. കുടുംബത്തെ വിശ്വസിപ്പിച്ച്, കേസ് ഏറ്റെടുത്ത് സി.ബി.ഐയ്ക്ക് വിടാമെന്ന് പറഞ്ഞ്, എറണാകുളത്ത് പോയി മുറിയെടുത്ത് കേസ് മൊത്തം പഠിച്ചു കഴിഞ്ഞപ്പോഴാണ് പറയുന്നത് എനിക്ക് തിരക്കാണെന്ന്. ഞങ്ങള്‍ക്ക് അറിയാവുന്ന മുഴുവന്‍ വിവരങ്ങളും ചോര്‍ത്തിയെടുത്ത ശേഷമാണ് അദ്ദേഹം പറയുന്നത് കേസെടുക്കാന്‍ പറ്റില്ല എന്ന്. മുപ്പത് ചില്ലിക്കാശിന് വേണ്ടി യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തില്ലേ യൂദാസ്. പിലാത്തോസും യൂദാസും കൂടെ ചേര്‍ന്നാല്‍ എന്താണോ അതാണ് സികെ ശ്രീധരന്‍. സികെ ശ്രീധരന് ഏത് ഏത് പാര്‍ട്ടിയില്‍ വേണമെങ്കിലും പോകാം. ശ്രീധരന്റെ രാഷ്ട്രീയ ചാരിത്ര്യമൊന്നും കൂടുതലായി ജനങ്ങളോട് പറയണ്ട. അങ്ങനെ പറയാന്‍ അയാള്‍ പറയാന്‍ ശ്രമിച്ചാല്‍ പലതും നമുക്ക് പറയേണ്ടി വരും”- ഉണ്ണിത്താന്‍ പറഞ്ഞു.