CultureLIFE

നഗരവസന്തം : അണിയറയിൽ ഒരുങ്ങുന്നത് സർഗാത്മകതയുടെ വസന്തം

തിരുവനന്തപുരം:തലസ്ഥാന നഗരത്തിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന പതിവ് വിഭവമാണ് പുഷ്പമേള. നഗര വീഥികളും കനകക്കുന്ന് പരിസരവും പുഷ്പങ്ങൾ കീഴടക്കുന്ന പതിവ് പുഷ്പമേളയിൽനിന്ന് തീർത്തും വ്യത്യസ്ഥമായ കാഴ്ചകളാണ് ഇത്തവണ അണിയറയിൽ ഒരുങ്ങുന്നത്.

കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം സർഗാത്മകതയുടെ വസന്തം കൂടിയാണ്. അലങ്കാരച്ചെടികളുടെയും പൂച്ചെടികളുടെയും പ്രദർശനവും വില്പനയുമാണ് സാധാരണ പുഷ്പമേളയിലെ പ്രധാന ആകർഷണങ്ങൾ. എന്നാൽ ഇത്തവണ അതോടൊപ്പം സർഗാത്മകത തുളുമ്പുന്ന ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും നഗരം കീഴടക്കും.

Signature-ad

കനകക്കുന്ന് സൂര്യകാന്തിയിലെ പണിപ്പുരയിൽ നൂറു കണക്കിന് ഇൻസ്റ്റലേഷനുകളാണ് ഒരുങ്ങുന്നത്. 60ഓളം ഇൻസ്റ്റലേഷനുകൾ കനകക്കുന്നിൽ തന്നെ സ്ഥാനം പിടിക്കും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലായി 40ഓളം ഇൻസ്റ്റലേഷനുകൾ സ്ഥാപിക്കും.
ക്രിയേറ്റിവ് ആർട്ടിസ്റ്റായ ഹൈലേഷിന്റെ നേതൃത്വത്തിൽ 100ലേറെ കലാകാരന്മാർ ഇൻസ്റ്റലേഷനുകളുടെ അവസാനവട്ട മിനുക്കുപണികളിലാണ്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ 20ഓളം വിദ്യാർഥികളാണ് നഗരവസന്തത്തിന് ചിത്ര ചാരുത നൽകുന്നത്. സൂര്യകാന്തിയിലെ പണിപ്പുരയിൽ അവരും തിരക്കിട്ട പണിയിലാണ്. വസന്തം എന്ന തീം അടിസ്ഥാനമാക്കിയാണ് ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും ഒരുക്കുന്നത്. മിക്ക ഇൻസ്റ്റലേഷനുകളും പൂച്ചെടികൾകൂടി ഉൾപ്പെടുന്ന തരത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. സസ്യങ്ങൾക്കും ഇൻസ്റ്റലേഷനുകൾക്കും ചിത്രങ്ങൾക്കും പുറമെ അലങ്കാര മത്സ്യ പ്രദർശനവും ഫുഡ്‌ കോർട്ടും വർണശബളമായ വൈദ്യുത ദീപാലങ്കാരവും എല്ലാം വസന്തത്തിന്റെ മാറ്റുകൂട്ടും. പൊതുജനങ്ങൾക്കും കൊമേർഷ്യൽ ഫ്ലോറിസ്റ്റുകൾക്കും വേണ്ടിയുള്ള മത്സരങ്ങളും സാഹസിക വിനോദങ്ങളും എല്ലാം നഗരവസന്തത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. പരിപാടികൾ രാത്രി ഒരു മണിവരെ നീളുന്നതിനാൽ നൈറ്റ്‌ ലൈഫിന്റെ ഭംഗികൂടി ആസ്വദിക്കാവുന്ന വേദിയാകും നഗരവസന്തം എന്നുറപ്പാണ്. കനകക്കുന്ന് പരിസരത്തിനുപുറമേ സ്‌പെൻസർ ജംഗ്ഷൻ മുതൽ കവടിയാർ വരെയും, എൽഎംഎസ് മുതൽ പിഎംജി വരെയും, കോർപറേഷൻ ഓഫീസ് മുതൽ ദേവസ്വം ബോർഡ് ജംഗ്ഷൻ വരെയും ഉള്ള റോഡിന്റെ ഇരുവശങ്ങളും വസന്തം നിറയും. വെള്ളയമ്പലത്തുനിന്നും ശാസ്തമംഗലത്തേക്കും വഴുതക്കാട്ടേക്കുമുള്ള റോഡിന്റെ വശങ്ങളും പൂന്തോട്ടങ്ങൾ കീഴടക്കും. നഗരവസന്ത വിശേഷങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് അവാർഡുകളും ഏർപ്പെടുത്തിയിട്ടുണ്ട്. അച്ചടി ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിങിനും ഫോട്ടോഗ്രാഫർക്കും വീഡിയോഗ്രാഫർക്കുമാണ് അവാർഡുകൾ നൽകുക ഓൺലൈൻ മാധ്യമങ്ങളിലെ മികച്ച കവറേജിനും അവാർഡ് ലഭിക്കും.

 

Back to top button
error: