KeralaNEWS

മുല്ലപ്പെരിയാറിലെ ജലനിരപ്പ്: ആശങ്ക വേണ്ട, ഷട്ടർ തുറക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി

ഇടുക്കി: മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കൂടുതൽ ജലം കൊണ്ടുപോകണമെന്ന് തമിഴ്നാടിനോട് അവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഷട്ടർ തുറക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി റോഷി അ​ഗസ്റ്റിൻ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാർ ഡാമിൻറെ ജലനിരപ്പ് 141.40 അടി ആയി ഉയർന്നിരുന്നു. തമിഴ്നാട് കൂടുതൽ ജലം കൊണ്ടു പോകാൻ തുടങ്ങിയതോടെ സാവകാശമാണ് ജലനിരപ്പ് ഉയരുന്നത്. ബുധനാഴ്ച വൈകിട്ടാണ് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് വർധിപ്പിച്ചത്. സെക്കൻറിൽ 511 ഘനയടിയിൽ നിന്നും 1100 ഘനയടിയായാണ് കൂട്ടിയത്. ജലനിരപ്പ് 140 അടിയിലെത്തിയപ്പോൾ തന്നെ കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കൂട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

Signature-ad

അതേസമയം മഴ കുറഞ്ഞതോടെ വൃഷ്ടിപ്രദേശത്ത് നിന്നും ഒഴുകിയെത്തുന്ന വെള്ളത്തിൻറെ അളവിൽ കുറവ് വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി ജലനിരപ്പ് ഉയരില്ലെന്നാണ് പ്രതീക്ഷ. 142 അടിയാണ് ഡാമിന്‍റെ അനുവദനീയ സംഭരണ ശേഷി. കൊണ്ടു പോകുന്ന വെള്ളത്തിൻ്റെ അളവ് കൂട്ടിയതിനാൽ സ്പിൽവേ വഴി ഇടുക്കിയിലേക്ക് വെള്ളം തുറന്നുവിടേണ്ടി വരില്ലെന്നാണ് തമിഴ്നാടിന്റെ കണക്കുകൂട്ടൽ. ഡിസംബർ മൂന്നിനാണ് മുല്ലപ്പെരിയാർ ഡാമിൻ്റെ ജലനിരപ്പ് 140 അടിയിലെത്തിയത്.

Back to top button
error: