KeralaNEWS

കൃഷി നശിച്ചു, കടം പെരുകി, കർഷകർ ആത്മഹത്യാ മുനമ്പിൽ; ആരെങ്കിലും കേൾക്കുന്നുണ്ടോ ഈ വിലാപങ്ങൾ…?

എന്തിനാണ് ഇങ്ങനെ ഒരു വകുപ്പ്, ഒരു മന്ത്രി, ഐ.എ.എസുകാരും മറ്റ് ഉന്നത സ്ഥാനങ്ങളിലുമായി പതിനായിര കണക്കിന് ഉദ്യോഗസ്ഥവൃന്ദം, കോടികളുടെ ധൂർത്ത്, കൃഷി വകുപ്പിന് റേറ്റിംഗ് നൽകാൻ മുഖ്യമന്ത്രി തയ്യാറാകുമോ…?

രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികവും ഇന്നും പ്രധാന ഉപജീവനമാര്‍ഗമായി കാണുന്നത് കൃഷിയെയാണ്. അതിനാല്‍, കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളും നിയമ നിര്‍മ്മാണങ്ങളും കോടിക്കണക്കിന് ജനങ്ങളെ നേരിട്ട് ബാധിക്കും. കാര്‍ഷിക മേഖലയിലെ കുത്തക കംപനികളുടെ കടന്നുവരവ് വിത്തിന്മേലുള്ള കര്‍ഷകരുടെ സ്വാശ്രയത്വത്തെ പൂര്‍ണമായും ഇല്ലാതാക്കിയെന്നത് ഗുരുതര പ്രശ്നമാണ്. കൂടിയ വിലയ്ക്ക് വിത്തും കീടനാശിനികളും വാങ്ങാന്‍ ഇതോടെ കർഷകർ നിര്‍ബന്ധിതരായി.

കൂടാതെ കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും വിളനാശവും രൂക്ഷമായതോടെ കേരളത്തില്‍ കൃഷി കടുത്ത നഷ്ടത്തിലായി. ഉപജീവനത്തിനായി പലരും മറ്റ് മാര്‍ഗങ്ങള്‍ തേടിപ്പോകാന്‍ തുടങ്ങി. വായ്പയെടുത്തും സ്വര്‍ണം പണയപ്പെടുത്തിയും വട്ടിപ്പലിശയ്ക്ക് കടം വാങ്ങിയും കൃഷിയിറക്കിയ കര്‍ഷകരില്‍ ഭൂരിഭാഗവും ആത്മഹത്യയുടെ വക്കിലാണിന്ന്.

കേരളത്തില്‍ കര്‍ഷകരുടെ കടബാദ്ധ്യതയും ആത്മഹത്യാനിരക്കും അപകടകരമായ നിലയില്‍ ഉയര്‍ന്നുവരികയാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ കര്‍ഷകസമൂഹം നിലവില്‍ അനുഭവിക്കുന്ന കടബാദ്ധ്യതകളെയൊ അനുബന്ധ പ്രശ്‌നങ്ങളെയൊ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കർഷകരുടെ ദുരിതങ്ങൾ മനസിലാക്കാന്‍ കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (കിഫ)ന്റെ നേതൃത്വത്തില്‍ പഠനം നടന്നതും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതും.

സര്‍വേയിലെ കണ്ടെത്തലുകള്‍

കേരളത്തിലെ 76 ശതമാനം കര്‍ഷകരും കടക്കെണിയിലാണ്. ഒരു കര്‍ഷകന്റെ ശരാശരി കടബാദ്ധ്യത 5.56 ലക്ഷം രൂപയാണ്. 2019ലെ ദേശീയ സാംപിള്‍ സര്‍വേ അനുസരിച്ച്‌ കേരളത്തിലെ കാര്‍ഷിക കടബാദ്ധ്യത നിരക്ക് 72 ശതമാനവും ശരാശരി കടബാദ്ധ്യത 2.52 ലക്ഷം രൂപയുമായിരുന്നു. ‘കിഫ’ സര്‍വേപ്രകാരം കടബാദ്ധ്യത നിരക്ക് രണ്ട് ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ശരാശരി കടബാദ്ധ്യത മൂന്ന് വര്‍ഷം കൊണ്ട് ഇരട്ടിയിലേറെയായി. ഏലം, പൈനാപ്പിള്‍ കര്‍ഷകരാണ് വന്‍ കടബാദ്ധ്യതയുള്ളവര്‍. മലബാറിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ കടക്കെണിയിലായിരിക്കുന്നത്. തിരുവിതാംകൂറില്‍ 72 ശതമാനവും കൊച്ചിയില്‍ 69 ശതമാനവുമാണെങ്കില്‍ മലബാറിലത് 78 ശതമാനമാണ്.

കുറഞ്ഞ പലിശയുള്ള ലോണ്‍ ലഭിക്കുന്നില്ല

കര്‍ഷകര്‍ക്ക് ഏറ്റവും ഗുണകരമാവേണ്ട കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നാല് ശതമാനം മാത്രം പലിശയുള്ള കാര്‍ഷിക ലോണ്‍ എടുത്തവര്‍ വെറും 48 ശതമാനം മാത്രമാണ്. ഇന്ന് കേരളത്തില്‍ ലഭ്യമായ ഏറ്റവും പലിശ കുറവുള്ള ഇത്തരം കാര്‍ഷിക ലോണുകള്‍ പകുതി കര്‍ഷകര്‍ക്ക് പോലും ലഭിക്കുന്നില്ല. നിലവില്‍ സ്വര്‍ണ്ണം ഈടായി നല്‍കിയാല്‍ മാത്രമേ ഈ സ്‌കീമില്‍ ലോണ്‍ കിട്ടുകയുള്ളൂ. എല്ലാ യോഗ്യതയും ഉണ്ടായിട്ടും കെ.സി.സി സ്‌കീമില്‍ കര്‍ഷകര്‍ക്ക് ലോണ്‍ കൊടുക്കാന്‍ ബാങ്കുകളും മടിക്കുന്നു.

അശ്രയം പ്രൈവറ്റ്ബാങ്കുകള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബാങ്കിംഗ് സാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം, എന്നിട്ടും ഇപ്പോഴും 22 ശതമാനം കര്‍ഷകര്‍ പ്രൈവറ്റ് ബാങ്കുകളെയോ സ്വകാര്യ കൊള്ളപലിശക്കാരെയോ ആശ്രയിക്കുന്നു എന്നത് ദുരവസ്ഥയാണ്. വായ്പ എടുത്ത 64 ശതമാനം പേരും തങ്ങളുടെ മുഴുവന്‍ ഭൂമിയും ബാങ്കില്‍ പണയം വച്ചിട്ടുണ്ട് . അതില്‍ത്തന്നെ 57 ശതമാനം ആളുകളുടെ വീടും പണയ വസ്തുവില്‍ ഉള്‍പ്പെടുന്നു. ഈ ലോണുകള്‍ തിരിച്ചടയ്‌ക്കാൻ വൈകി, ബാങ്ക് റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ചാല്‍ ഇവർ ഭൂരഹിതരും ഭവനരഹിതരുമായി മാറും. അതിഗുരുതരമായ സ്ഥിതിവിശേഷമാണിത്.
തിരിച്ചടവ് മുടങ്ങിക്കിടക്കുന്ന 15 ശതമാനം കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. ജപ്തി നടപടികള്‍ക്ക് വിധേയമായി സ്ഥലം നഷ്ടപെട്ടവര്‍ നിലവില്‍ രണ്ട് ശതമാനത്തിലേറെയാണ്.

എങ്ങനെ പരിഹരിക്കാം

കാര്‍ഷകരെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടലാണ് ആവശ്യം. പലിശയും പിഴപ്പലിശയും എഴുതിത്തള്ളുക എന്നതാണ് പ്രധാനം. അതിനു ശേഷം മുതല്‍ തിരിച്ചടക്കാന്‍ കൂടുതല്‍ സാവകാശവും കൊടുത്തുകൊണ്ട് മാത്രമേ ഈ ഗുരുതരമായ പ്രതിസന്ധിയില്‍ നിന്ന് കാര്‍ഷകരെ കരകയറാന്‍ കഴിയൂ. എന്നുമാത്രമല്ല വന്യമൃഗശല്യവും കീടബാധയും തെങ്ങ്, കമുക്, കുരുമുളക്, ഏലം, റബര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന വിളകളുടെയും ഉല്‍പാദനക്ഷമത കുറഞ്ഞതും വിലയിടിവും കര്‍ഷകരുടെ ലോണ്‍ തിരിച്ചടയ്ക്കല്‍ ശേഷിയെ തകർത്തു. ഇതെല്ലാം പരിഗണിച്ചു വേണം ആശ്വാസ നടപടികള്‍ക്ക് തുടക്കം കുറിക്കാൻ.

ഇതിനിടെ സംസ്ഥാനത്തെ മലയോര മേഖലയിലെ കർഷകർ കൃഷി അവസാനിപ്പിക്കുന്നു. തുടർച്ചയായ വന്യജീവി ആക്രമണങ്ങളെ തുടർന്നാണ് കൃഷി അവസാനിപ്പിക്കാൻ കർഷകർക്ക്‌ തീരുമാനമെടുക്കേണ്ടി വന്നത്. ആനയും കടുവയും കാട്ടു പന്നിയും കുരങ്ങും മയിലും ഉടുമ്പും മുള്ളന്‍ പന്നിയും മരപ്പട്ടിയും മലയണ്ണാനും പാറാനുമെല്ലാം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വയനാട് ഉൾപ്പടെയുള്ള പല പ്രദേശങ്ങളിലും കടുവ മുതല്‍ കാട്ടാനയും കുറുനരിയും വരെ ജനവാസ മേഖലയില്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ ഉള്‍പ്പെടെ കൊന്നു തിന്നുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

Back to top button
error: