കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാല (കുഫോസ്)യിലെ ശാസ്ത്രജ്ഞര്‍ ദീര്‍ഘനാളത്തെ ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ സംരംഭകര്‍ക്ക് ലഭ്യമാക്കുന്നതിനായി റിലീസ് ചെയ്തു. വീട്ടുമുറ്റത്തെ കുളങ്ങളില്‍ കരിമീനിന്റെ വിത്തുല്‍പ്പാദനം സാധ്യമാക്കുന്ന സാങ്കേതിക വിദ്യ മുതല്‍ മത്സ്യം ഉപയോഗിച്ച് ന്യൂഡില്‍സ് നിര്‍മ്മിക്കുന്നത് വരെയുള്ള 25 സാങ്കേതിക വിദ്യകളാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.
ചെറുകിട സംരംഭകര്‍ക്ക് വലിയ മുതല്‍മുടക്ക് ഇല്ലാതെ ആരംഭിക്കാവുന്ന, കപ്പയില്‍ നിന്ന് മത്സ്യതീറ്റ ഉത്പാദിക്കുന്നതിനുള്ള യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ കേരളത്തിലെ മത്സ്യകര്‍ഷകര്‍ മത്സ്യതീറ്റ രംഗത്ത് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാകുമെന്ന് ടെക്‌നോളജി റിലീസ് നടത്തിക്കൊണ്ട് വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ് ഡോ.റോസലിന്റ്് ജോര്‍ജ് പറഞ്ഞു. കുട്ടികളിലെ പോഷകക്കുറവ് വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന ഫിഷ് സൂപ്പ് പൌഡര്‍ നിര്‍മ്മാണം, പ്രമേഹം ഉള്ളവര്‍ക്കും കഴിക്കാവുന്ന ചോക്ക്‌ളേറ്റ്, ചെമ്മീന്‍ ചിപ്‌സ്, കടല്‍പ്പായല്‍ അടിസ്ഥാമായ ഏറെ പോഷകമൂല്യമുള്ള പാസ്ത തുടങ്ങി വനിതകള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ സാങ്കേതിക വിദ്യകളാണ് ഇപ്പോള്‍ റിലീസ് ചെയ്തതില്‍ അധികവും എന്ന് ഡോ. റോസലിന്റ് ജോര്‍ജ് പറഞ്ഞു.