ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും സ്വർണം ഖനനം ചെയ്യാൻ കേന്ദ്രം. കർണാടകയിലെ കോലാര്‍ അടക്കമുള്ള സ്വര്‍ണഖനികള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 20 വര്‍ഷം മുമ്പാണു കോലാറിലെ സ്വര്‍ണഖനനം അവസാനിപ്പിച്ചത്. അന്നത്തെ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണഖനനം നഷ്ടമായതിനാലാണു ഖനികൾ പ്രവർത്തനം നിർത്തിയത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞചെലവില്‍ കോലാറില്‍നിന്നു സ്വര്‍ണം വേര്‍തിരിച്ചെടുക്കാമെന്നാണു പ്രതീക്ഷ. പല്ലേഡിയം അടക്കമുള്ളവ ഖനനം ചെയ്യാനും നീക്കമുണ്ട്. പദ്ധതികളിലൂടെ 1,73,859.42 കോടി രൂപയുടെ വരുമാനമാണു കേന്ദ്രം പ്രതീക്ഷിക്കുന്നത്.
ബംഗളുരുവില്‍നിന്ന് 65 കിലോമീറ്റര്‍ അകലെയാണു കോലാര്‍ സ്വര്‍ണഖനി. രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്വര്‍ണഖനികളിലൊന്നാണിത്. 2001 മാര്‍ച്ച് 31 നാണു ഖനനത്തിന്റെ ചുമതലയുണ്ടായിരുന്ന ഭാരത് ഗോള്‍ഡ് മൈൻസ് ഖനനം നിര്‍ത്തിവച്ചത്. കോലാറിലെ ഖനി പശ്ചാത്തലമാക്കിയുള്ള സിനിമ കെ.ജി.എഫ്. വൻ ഹിറ്റായി മാറിയിരുന്നു.
മുമ്പ് ഖനനം നടന്ന പ്രദേശം ഇപ്പോള്‍ സര്‍ക്കാരിന്റെ റിസര്‍വ് മേഖലയാണ്. ഇവിടെ കെട്ടിട നിര്‍മാണം അടക്കമുള്ള പ്രവൃത്തികള്‍ക്ക് അനുമതിയില്ല. കുറ്റിക്കാടുകള്‍ നിറഞ്ഞ ഈ മേഖലയില്‍ ഇപ്പോള്‍ അപൂര്‍വഇനം മാനുകളും മറ്റ് മൃഗങ്ങളും ധാരാളമുണ്ട്.