മാവേലിക്കര ചാരുംമൂട്ടിലെ ചോയ്‌സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ 500 രൂപ കള്ളനോട്ട് മാറിയെടുക്കാന്‍ ശ്രമിച്ച വീട്ടമ്മ കൗണ്ടറിലിരുന്നവര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് പോലീസിന്റെ പിടിയിലായി. നോട്ടിന്റെ ഉറവിടം തേടിപ്പോയ പോലീസ് ചെന്നെത്തിയത് കിഴക്കേ കല്ലട മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍. കൊല്ലം കിഴക്കേ കല്ലട കൊടുവിള പത്താം വാര്‍ഡില്‍ ക്ലീറ്റസ്(45), താമരക്കുളം പേരൂര്‍ കാരാഴ്മ അക്ഷയ് നിവാസില്‍ ജയസുഗതന്റെ ഭാര്യ ലേഖ (38) എന്നിവരാണ് പിടിയിലായത്. സി.പി.ഐക്കാരനായ ക്ലീറ്റസിനെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയപ്പോഴാണ് ലേഖ 500 രൂപയുടെ കറന്‍സി നോട്ട് നല്‍കിയത്. സംശയം തോന്നിയ ജീവനക്കാര്‍
നൂറനാട് പോലീസില്‍ അറിയിച്ചു. പോലീസെത്തി ലേഖയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ കളളനോട്ടാണെന്ന് ഇവർ സമ്മതിച്ചു. ലേഖയുടെ പേഴ്‌സില്‍ നിന്നും 500 രൂപയുടെ കൂടുതല്‍ കള്ളനോട്ടുകളും കണ്ടെടുത്തു. തുടര്‍ന്ന് നൂറനാട് ഇന്‍സ്‌പെക്ടര്‍ പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ലേഖയെ വീട്ടിലെത്തിച്ച് പരിശോധന നടത്തി. വീട്ടിൽ നിന്ന് വീണ്ടും കള്ളനോട്ടുകള്‍ കണ്ടെത്തി. ക്ലീറ്റസാണ് കള്ളനോട്ടുകൾ നല്‍കിയതെന്ന് ലേഖ പറഞ്ഞു.
ഇയാളെ കിഴക്കേ കല്ലടയിലുള്ള വീടിനു സമീപത്തു നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ യാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 500 രൂപയുടെ കള്ളനോട്ടുകള്‍
കണ്ടെത്തി. ഇയാള്‍ക്ക് കല്ലട പോലീസ് സ്‌റ്റേഷനില്‍ അടിപിടി, പോലീസിനെ ആക്രമിക്കല്‍, പട്ടികജാതി പീഡനം, വീടുകയറി അതിക്രമം തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. പതിനായിരം രൂപയുടെ കള്ളനോട്ട് ആയിരുന്നു ക്ലീറ്റസ് ലേഖക്ക് നല്‍കിയിരുന്നത്. അതെല്ലാം തന്നെ 500 രൂപ നോട്ടുകള്‍ ആയിരുന്നു. കഴിഞ്ഞ ഒരുമാസമായി ലേഖ ചാരുംമൂട് ഉള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, ഫാന്‍സി സ്‌റ്റോറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കയറി കള്ളനോട്ട് നല്‍കി വളരെ ചെറിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങിയിരുന്നതായി കച്ചവടക്കാര്‍ പറഞ്ഞു.
ഒറിജിനല്‍ ഇന്ത്യന്‍ കറന്‍സിയെ വെല്ലുന്നതാണ് ഈ കള്ളനോട്ടുകള്‍.. ഒരു ദിവസം ഒരു കടയില്‍ മാത്രം കയറുകയും അടുത്ത ദിവസങ്ങളില്‍ മറ്റ് കടകളില്‍ കയറിയും ചെറിയ വിലയ്ക്കുള്ള സാധനങ്ങള്‍ വാങ്ങുകയായിരുന്നു ലേഖയുടെ രീതി. കടകളില്‍ തിരക്കേറിയ സമയത്ത് ലേഖ കള്ളനോട്ടുമായി സാധനങ്ങള്‍ വാങ്ങാന്‍ എത്തും. തിരക്കിനിടയില്‍ ജീവനക്കാര്‍ ഇത് പലപ്പോഴും ശ്രദ്ധിക്കാറില്ല. ഈ അവസരം മുതലെടുത്താണ് ലേഖ നോട്ടുകള്‍ മാറിയിരുന്നത്. ഈ സ്ത്രീയെ ഉപയോഗപ്പെടുത്തി കള്ളനോട്ടുകള്‍ മാറ്റിയെടുക്കുക എന്നതായിരുന്നു ക്‌ളീറ്റസിന്റെ പദ്ധതി. നോട്ടുകളുടെ ഉറവിടത്തെപ്പറ്റി പോലീസ് അന്വേഷിക്കുന്നുണ്ട്.
മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.