ഇടുക്കി: വീണ്ടും ന്യൂനമർദം രൂപപ്പെടുന്നെന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾക്കിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്തതോടെ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടി ആയി ഉയർന്നു. തമിഴ്‌നാട് കൂടുതൽ വെള്ളം കൊണ്ടു പോകാൻ തുടങ്ങിയതോടെ സാവകാശമാണ് ജലനിരപ്പ് ഉയരുന്നതെന്നത് ആശ്വാസകരമാണ്.
ഇന്നലെ വൈകുന്നേരമാണ് തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയത്. സെക്കന്റിൽ 511 ഘനയടിയിൽ നിന്നും 1100 ഘനയടിയായാണ് വർധിപ്പിച്ചത്. ജലനിരപ്പ് 140 അടിയിലെത്തിയപ്പോൾ, കൊണ്ടു കുന്ന വെള്ളത്തിന്റെ അളവ് കൂട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
വൃഷ്ടിപ്രദേശത്ത് മഴയുണ്ടെങ്കിലും ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതിനാ ൽ ഇനി ജലനിരപ്പ് ഉയരില്ലെന്നാണ് തമിഴ്‌നാട് പ്രതീക്ഷിക്കുന്നത്. 142 അടിയാണ് ഡാമിന്റെ അനുവദനീയസംഭരണ ശേഷി. കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതിനാൽ സ്പിൽവേ വഴി ഇടുക്കിയിലേക്ക് വെള്ളം തുറന്നു വിടേണ്ടി വരില്ലെന്നാണ് തമിഴ്‌നാടിന്റെ കണക്കുകൂട്ടൽ. ഡിസംബർ മൂന്നിനാണ് മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 140 അടി ആയത്. ജലനിരപ്പ് 141 അടിയിലെത്തിയപ്പോൾ തമിഴ്നാട് രണ്ടാമത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 142 അടിയിലെത്തിയാൽ മൂന്നാമത്തെ മുന്നറിയിപ്പ് നൽകുകയും തുടർന്ന് വെള്ളം ഇടുക്കി ഡാമിലേക്ക് തുറന്നുവിടുകയും ചെയ്യും.
അതേസമയം, പുതിയ ന്യൂനമർദ മുന്നറിയിപ്പ് ആശങ്കയുണ്ടാക്കുന്നുണ്ട്. തെ ക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും ഇന്നു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് പടിഞ്ഞാറ് ശ്രീലങ്കയിലേക്ക് നീങ്ങുമെന്നുമാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് ശ്രീലങ്കയ്ക്ക് സമീപം തമിഴ്‌നാട് ജില്ലകളുടെ തീരം കടന്ന് ഉൾപ്രദേശങ്ങളിലൂടെ അറബിക്കടലിൽ എത്തുമെന്നാണാണു പ്രവചനം. കേരളത്തിനോട് ചേർന്ന മേഖലയിൽ മഴയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.