SportsTRENDING

ക്രൊയേഷ്യൻ കോട്ടകൾ പൊളിക്കുന്ന മിന്നൽ അൽവാരസ്

ർജൻറീനയുടെ മിന്നൽ അൽവാരസ്… സാക്ഷാൽ ജൂലിയൻ അൽവാരസ്… ഏത് പേമാരിയിലും തകരാത്ത ക്രൊയേഷ്യയുടെ ഉരുക്കുകോട്ടകൾ മിന്നൽ വേ​ഗത്തിൽ പൊളിച്ചടുക്കി മുന്നേറിയവൻ. ക്രൊയേഷ്യൻ ഡിഫൻഡേഴ്സിനിടിയൂടെ ഈ 22കാരൻ പന്തുമായി അഴിഞ്ഞാടി ഇരട്ടഗോൾ സ്വന്തമാക്കി നീലപ്പടയുടെ ഫൈനൽ സ്ഥാനം ഉറപ്പിച്ചു. 34-ാം മിനുട്ടിൽ അർജൻറീനക്കായി നായകൻ മെസി ആദ്യ പെനാൽറ്റി എടുക്കുമ്പോൾ അതിന് വഴിവെച്ചത് അൽവാരസിൻറെ മുന്നേറ്റമാണ്. പന്തുമായി ഒറ്റക്ക് കുതിച്ച അൽവാരസിനെ ബോക്സിൽ വെച്ച് ക്രൊയേഷ്യൻ ഗോളി ലിവാക്കോവിച്ച് വീഴ്ത്തി. ഗോളിക്ക് മഞ്ഞക്കാർഡ് വിധിച്ച റഫറി ഒപ്പം പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. പെനാൽറ്റി എടുത്ത മെസ്സി ഉഗ്രൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു.

Signature-ad

മിക്ക മത്സരങ്ങളിലും എതിരാളികളെ പൂർണമായം തളച്ചിട്ട ക്രൊയേഷ്യൻ പ്രതിരോധം, മെസ്സിയുടെ പെനൽറ്റി ഗോളിൽ പകച്ചുപോയെന്ന് തൊട്ടുപിന്നാലെ വ്യക്തമായി. അതുവരെ ഉണ്ടായിരുന്ന ക്രൊയേഷ്യൻ ബാലൻസ് എല്ലാം ആ ഗോളോടെ തകർന്നു. 39-ാം ആം മിനുട്ടിൽ വീണ്ടും ജൂലിയൻ അൽവാരസ് ക്രൊയേഷ്യൻ ഡിഫൻസ് തകർത്തു. മധ്യവരയ്ക്കു സമീപത്തുനിന്നും ലയണൽ മെസ്സി നൽകിയ പന്തുമായി ഒരിക്കൽക്കൂടി ക്രൊയേഷ്യൻ പ്രതിരോധം പിളർത്തി ജൂലിയൻ അൽവാരസിന്റെ മുന്നേറ്റം. ഇത്തവണയും മൈതാന മധ്യത്ത് നിന്ന് ഒറ്റക്കുള്ള കുതിപ്പായിരുന്നു. ആ കുതിപ്പിന് തടയിടാൻ ക്രൊയേഷ്യൻ പ്രതിരോധത്തിനയില്ല. തടയാനെത്തിയ ക്രൊയേഷ്യൻ താരങ്ങൾ പന്തു തട്ടിയെങ്കിലും കറങ്ങിത്തിരിഞ്ഞ് പന്തെത്തിയത് അൽവാരസിന്റെ കാലിൽത്തന്നെ. മുന്നേറ്റം പോസ്റ്റിനു തൊട്ടടുത്തെത്തിയതിനു പിന്നാലെ ക്ലോസ് റേഞ്ചിൽനിന്നും അൽവാരസ് തൊടുത്ത ഷോട്ട് ഗോൾകീപ്പറെ വീഴ്ത്തി വലയിൽ.

69–ാം മിനിറ്റിൽ വലതുവിങ്ങിലൂടെ പന്തു കാലിൽക്കൊരുത്ത് അർജന്റീന നായകന്റെ മെസിയുടെ മിന്നൽക്കുതിപ്പ്. ഖത്തർ ലോകകപ്പിലുടനീളം മുന്നേറ്റനിരക്കാരെ വെള്ളം കുടിപ്പിച്ച യുവതാരം ഗ്വാർഡിയോൾ ഇതിനിടെ മെസ്സിയെ തടയാനെത്തി. പ്രതിഭാസമ്പത്തിന്റെ വീര്യമത്രയും കാലിൽക്കൊരുത്ത് നിന്നും വീണ്ടും മുന്നോട്ടുനീങ്ങിയും ഞൊടിയിടയ്ക്കുള്ളിൽ വെട്ടിത്തിരിഞ്ഞും മെസ്സി ഗ്വാർഡിയോളിനെ നിഷ്പ്രഭനമാക്കി. പിന്നെ പന്ത് ബോക്സിന്റെ നടുമുറ്റത്ത് ജൂലിയൻ അൽവാരസിനു നൽകി. തളികയിലെന്നവണ്ണം മെസ്സി നൽകിയ പന്തിന്, ആ അധ്വാനത്തെ വിലമതിച്ച് ജൂലിയൻ അൽവാരസിന്റെ കിടിലൻ ഫിനിഷ്. അങ്ങനെ കളിയിലുടനീളം ക്രൊയേഷ്യൻ പ്രതിരോധത്തെ വിറപ്പിച്ച് മിന്നൽ അൽവാരസ് തിളങ്ങി.

 

 

Back to top button
error: