നടൻ അച്ചൻകുഞ്ഞ് നിർമ്മിച്ച ‘കല്ല് കാർത്ത്യാനി’യും സാജൻ സംവിധാനം ചെയ്ത ‘ഇഷ്ടപ്രാണേശ്വരി’യും റിലീസായത് ഡിസംബർ 14 ന്
സിനിമ ഓർമ്മ
1979 ഡിസംബർ 14 ന് രണ്ട് മലയാളചിത്രങ്ങൾ റിലീസായി. ജയൻ, പ്രമീള എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘കല്ല് കാർത്ത്യാനി’യാണ് ഒന്ന്. പോൾ വെങ്ങോലയുടെ രചനയിൽ പി.കെ ജോസഫ് സംവിധാനം ചെയ്‌ത ചിത്രമാണ് കല്ല് കാർത്ത്യാനി. നടൻ അച്ചൻകുഞ്ഞാണ് നിർമ്മാണം. ‘കല്ല് കാർത്ത്യാനി’ക്ക് പുറമേ രണ്ട് ചിത്രങ്ങൾ കൂടി അച്ചൻകുഞ്ഞ് നിർമ്മിച്ചു. ശശികുമാർ സംവിധാനം ചെയ്‌ത ‘അഴിയാത്ത ബന്ധങ്ങൾ,’ പിജി വിശ്വംഭരൻ സംവിധാനം ചെയ്‌ത ‘പൊന്ന്.’
‘കല്ല് കാർത്ത്യാനി’യിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ- എറ്റി ഉമ്മർ ടീമിന്റെ മൂന്ന് ഗാനങ്ങളുണ്ടായിരുന്നു. ‘ചേർത്തല ഭഗവതി കാർത്ത്യായനി’ എന്ന ഗാനം ഹിറ്റായി.
43 വർഷം മുൻപ് ഇതേ ദിവസം റിലീസായ മറ്റൊരു ചിത്രമാണ് ‘ഇഷ്ടപ്രാണേശ്വരി.’ ജോസ്, ശോഭ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം, കടപ്പുറം പശ്ചാത്തലത്തിലെ ഒരു പ്രണയകഥയാണ്. ഗാനരചയിതാവ് ബിച്ചു തിരുമല സംഭാഷണം നിർവഹിച്ച ഏകചിത്രമാണ് ‘ഇഷ്ടപ്രാണേശ്വരി.’ എൺപതുകളിലെ സൂപ്പർഹിറ്റ് ഡയറക്ടർ സാജന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. ചക്കരയുമ്മ, തമ്മിൽ തമ്മിൽ, ഒരു നോക്കു കാണാൻ തുടങ്ങിയവയായിരുന്നു സാജന്റെ (യഥാർത്ഥ പേര് സിദ്ദീഖ്) സംവിധാനത്തിൽ ഒരുങ്ങിയ ഹിറ്റുകളിൽ ചിലത്. പിന്നീട് മിനി സ്ക്രീനിലേക്ക് കൂടുമാറിയസാജൻ സംവിധാനം ചെയ്‌ത സീരിയലുകളിൽ ‘തപസ്യ’ ശ്രദ്ധേയം.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ