IndiaNEWS

നിയന്ത്രണ രേഖ ലംഘിച്ച് വീണ്ടും പ്രകോപനം സൃഷ്ടിച്ച ചൈനീസ്‍ സേന; ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നല്‍കിയെന്ന് റിപ്പോർട്ട്

ദില്ലി: അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സൈനിക‍ർ തമ്മില്‍ സംഘർഷം. വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ഇരുഭാഗത്തെയും സൈനികർക്ക് പരിക്കേറ്റു. സംഘര്‍ഷത്തിന് പിന്നാലെ സൈനികര്‍ സ്ഥലത്ത് നിന്ന് പിന്‍വാങ്ങിയതായും സമാധാനം പുനഃസ്ഥാപിക്കാന്‍ കമാന്‍റർ തല ചർച്ച നടത്തിയതായും സൈന്യം വ്യക്തമാക്കി.

Signature-ad

ഡിസംബർ ഒന്‍പതിന് അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യഥാർത്ഥ നിയന്ത്രണരേഖയിലാണ് ഇന്ത്യ ചൈന സൈനികർക്ക് ഇടയില്‍ സംഘർഷം ഉണ്ടായത്. ഏറ്റുമുട്ടലില്‍ ഇരു വിഭാഗത്തെയും സൈനീകര്‍ക്ക് നേരിയ പരിക്കേറ്റുവെന്നാണ് സൈന്യത്തിന്‍റെ വിശദീകരണം. ഇന്ത്യന്‍ സൈനീകരില്‍ ആറ് പേർക്കാണ് പരിക്കേറ്റെതെന്നും ഇവരെ ഗുവാഹത്തിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും വാർത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയിലെയും ചൈനയിലേയും സൈനികർ പ്രദേശത്ത് നിന്ന് പിന്‍വാങ്ങിയതായും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

അരുണാചലിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിച്ച് പ്രകോപനം സൃഷ്ടിച്ച ചൈനീസ്‍ സേനയെ ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നല്‍കുകയായിരുന്നുവെന്നാണ് വിവരം. 2020 ലെ ഗാല്‍വാൻ സംഭവത്തിന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ചൈന സൈനികർ തമ്മില്‍ സംഘർഷം ഉണ്ടാകുന്നത്. മേഖലയിലെ സമാധാനം പുനസ്ഥാപിക്കാന്‍ കമാന്‍റർ തല ചർച്ച നടത്തിയതായും സൈന്യം അറിയിച്ചു. അതേസമയം സംഭവത്തില്‍ സർക്കാരിനെ വിമർശിച്ച കോണ്‍ഗ്രസ് അലസമനോഭാവം അവസാനിപ്പിക്കണമെന്നും ചൈനക്ക് ശക്തമായി തിരിച്ചടി നല്‍കണമെന്നും ആവശ്യപ്പെട്ടു. അതിർത്തിയിലെ സംഘർഷം ദൗർഭാഗ്യകരമെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി പ്രതികരിച്ചു. സർക്കാർ എന്തുകൊണ്ട് ഇക്കാര്യം ഔദ്യോഗികമായി പ്രതികരിക്കുന്നില്ലെന്നും പ്രിയങ്ക ചതുർവേദി ചോദിച്ചു.

Back to top button
error: