
തിരുവനന്തപുരം: കോര്‍പറേഷനിലെ കത്തു വിവാദത്തില്‍ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണവും വിജിലന്‍സിന്റെ പ്രാഥമികാന്വേഷണവും നിലച്ചു. സി.പി.എം വാട്‌സാപ് ഗ്രൂപ്പില്‍ പ്രചരിച്ച കത്തിനെക്കുറിച്ച് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രഖ്യാപിച്ച രണ്ടംഗ സമിതിയുടെ പാര്‍ട്ടിതല അന്വേഷണവും മരവിച്ച മട്ടാണ്. സമിതി അംഗങ്ങളുടെ പേരുകള്‍ പോലും പുറത്തുവിട്ടിട്ടില്ല.
ഈ വിഷയത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാരോപിച്ച് കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി.എസ്.ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ഹൈക്കോടതി അടുത്ത ആഴ്ച വിധി പറയും. ഇതിനു ശേഷം തുടര്‍നടപടി സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ചും വിജിലന്‍സും. തദ്ദേശ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്‌സ്മാനും ഹൈക്കോടതി വിധി കാത്തിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ഓംബുഡ്‌സ്മാന്‍ ഈ മാസം 27ന് വിശദ വാദം കേള്‍ക്കും.
കത്തിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ചിന് ആരോപണവിധേയരുടെ മൊബൈല്‍ ഫോണും കംപ്യൂട്ടറുകളും പിടിച്ചെടുത്ത് ഫൊറന്‍സിക് ലാബില്‍ പരിശോധിക്കാന്‍ അധികാരമുണ്ട്. എന്നാല്‍, ഉന്നത ഇടപെടല്‍മൂലം അവര്‍ ഇതിനു തയാറായിട്ടില്ല.
വിവാദത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള വകുപ്പില്ലെന്നാണ് വിജിലന്‍സിന്റെ വാദം. കേസ് റജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണം അവസാനിപ്പിക്കാനാണു നീക്കം.
അതേസമയം, മേയര്‍ക്കെതിരെ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന പ്രതിഷേധ പരിപാടികളും തണുക്കുന്നു. പ്രതിഷേധം കാരണം ഒരു മാസത്തോളം കോര്‍പറേഷന്‍ പരിസരവും ഓഫീസും യുദ്ധക്കളമായിരുന്നു. എന്നാല്‍, വരും ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ ശക്തമാക്കുമെന്നും മേയര്‍ രാജിവയ്ക്കാതെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നും യു.ഡി.എഫും ബി.ജെ.പിയും അറിയിച്ചു.






