IndiaNEWS

മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ്ങ് സുഖു, ഉപമുഖ്യമന്ത്രി മുകേഷ് അഗ്‌നിഹോത്രി; ഹിമാചല്‍ പ്രദേശിൽ സത്യപ്രതിജ്ഞ ഇന്ന് 11 ന്

    ഹിമാചൽപ്രദേശ് മുൻ പി.സി.സി. അധ്യക്ഷൻ സുഖ്‌വീന്ദർ സിങ് സുഖു മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയുമാകും. പരേതനായ മുൻ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെയും പി.സി.സി. അധ്യക്ഷ പ്രതിഭ സിങ്ങിന്റെയും മകൻ വിക്രമാദിത്യയ്ക്ക് മന്ത്രിസഭയിൽ സുപ്രധാന പദവിനൽകും. ഇന്ന് രാവിലെ 11ന് സത്യപ്രതിജ്ഞ നടക്കും .

കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗല്‍ ആണ് നിയമസഭാ കക്ഷിയോഗത്തിന് ശേഷം ഇന്നലെ സുഖുവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

Signature-ad

തിരഞ്ഞെടുപ്പ്‌ വിജയത്തിനു പിന്നാലെ മുഖ്യമന്ത്രിപദത്തിനായി നേതാക്കളുടെ ചേരിപ്പോരിനൊടുവിൽ ഹൈക്കമാൻഡാണ് ശനിയാഴ്ച വൈകീട്ട് സമവായമുണ്ടാക്കിയത്. സംസ്ഥാനത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് ചുക്കാൻപിടിച്ചത് അമ്പത്തിയെട്ടുകാരനായ സുഖ്‍വീന്ദർ സിങ് സുഖുവാണ്. ഹാമിർപുരിലെ നദൗനിൽനിന്നാണ് തിരഞ്ഞെക്കപ്പെട്ടത്. നാലാം തവണയാണ് സഭയിലെത്തുന്നത്. ഉപമുഖ്യമന്ത്രിയാകുന്ന 60കാരൻ മുകേഷ് അഗ്നിഹോത്രിക്കും നാലുതവണ എം.എൽ.എ.യായ പാരമ്പര്യമുണ്ട്.

ഹൈക്കമാൻഡ് നിരീക്ഷകനും ഛത്തിസ്ഗഢ്‌ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബഘേലിന്റെ പ്രഖ്യാപനം വന്നതിനുപിന്നാലെ, ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രിയുമായിച്ചേർന്ന് പ്രവർത്തിക്കുമെന്ന് സുഖ്‍വീന്ദർ സുഖു പ്രതികരിച്ചു. സാധാരണ കുടുംബത്തിലൊരാൾ മുഖ്യമന്ത്രിയാവുന്നത് അഭിമാനകരമാണെന്നും ഇതിന് സോണിയാഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരോട് നന്ദിപറയുന്നതായും സംസ്ഥാനത്തെ പ്രമുഖ നേതാവ് ആനന്ദ് ശർമയും പ്രതികരിച്ചു.

സുഖ്‌വിന്ദറിനു പുറമേ പ്രതിഭ സിങ്, മുകേഷ് അഗ്നിഹോത്രി എന്നിവരാണ് മുഖ്യമന്ത്രി പദത്തിനായി ശക്തമായ അവകാശവാദം ഉന്നയിച്ച് രംഗത്തു വന്നത്. മുഖ്യമന്ത്രിയാവാൻ തയ്യാറാണെന്ന് പ്രതിഭ സിങ് പരസ്യമായി പ്രഖ്യാപിച്ചു. അമ്മയ്ക്കുവേണ്ടി മണ്ഡലം ഒഴിഞ്ഞുകൊടുക്കാൻ തയ്യാറാണെന്ന് വിക്രമാദിത്യയും പറഞ്ഞു. പ്രതിഭയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അനുയായികൾ ഷിംലയിൽ പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു ഹൈക്കമാൻഡ് തീരുമാനം. ശനിയാഴ്ച വൈകിട്ട് ഷിംലയിൽ ചേർന്ന നിയമസഭാകക്ഷി യോഗത്തിനിടെ, പ്രതിഷേധം കനത്തതിനാൽ തീരുമാനം വൈകി. ഒടുവിൽ പ്രതിഭയെ അനുനയിപ്പിച്ചശേഷമാണ് ബഘേൽ തീരുമാനം മാധ്യമപ്രവർത്തകരെ അറിയിച്ചത്. നിരീക്ഷകരായ രാജീവ് ശുക്ലയും ഭൂപീന്ദർ സിങ് ഹൂഢയും ഒപ്പമുണ്ടായിരുന്നു.

നിയമസഭാകക്ഷി യോഗത്തിൽ ആകെ 40 എം.എൽ.എ.മാരിൽ 21 പേരുടെ പിന്തുണയാണ് സുഖ്‍വീന്ദറിനുണ്ടായിരുന്നത്. ബാക്കിയുള്ളവർ പ്രതിഭയ്ക്കും അഗ്നിഹോത്രിക്കും പിന്നിൽ അണിനിരന്നു. അവസാനഘട്ടത്തിൽ മകൻ വിക്രമാദിത്യയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നൽകണമെന്ന് പ്രതിഭ ആവശ്യപ്പെട്ടെങ്കിലും ഇത് ജനങ്ങളിൽ തെറ്റായ സന്ദേശം നൽകുമെന്നും മന്ത്രിസഭയിൽ സുപ്രധാനപദവി നൽകാമെന്നും ഹൈക്കമാൻഡ് അറിയിച്ചു.

മുഖ്യമന്ത്രിപദത്തിനായി മത്സരം മൂർച്ഛിച്ചതോടെ വെള്ളിയാഴ്ച ചേർന്ന നിയമസഭാകക്ഷി യോഗം തീരുമാനം ഹൈക്കമാൻഡിനുവിട്ടു. പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവരുമായി വിഷയം ചർച്ചചെയ്തു. എൻ.എസ്.യു.ഐ.യിലൂടെ രാഷ്ട്രീയത്തിലെത്തിയ സുഖുവിനോട് രാഹുലിന് അടുപ്പമുണ്ട്. പ്രിയങ്കയും ഈ നിലപാടിലായിരുന്നു.

സത്യപ്രതിജ്ഞാചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുക്കും.

Back to top button
error: