ആലപ്പുഴ: ജനമൈത്രി പോലീസ് അകാരണമായി മര്‍ദ്ദിച്ചെന്നും അസഭ്യം വിളിച്ചെന്നും ആരോപിച്ച് യുവാവിന്റെ പരാതി. മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് യുവാവ് പരാതി നല്‍കിയത്. ടൂര്‍ ഓപ്പറേറ്ററായ പാലക്കാട് അഗളി ജെല്ലിപ്പാറ ലൗ ഡേയില്‍ ബേസില്‍ പി.ദാസാണ് (42) പരാതിക്കാരന്‍.
കഴിഞ്ഞ ദിവസം ടൂറിസ്റ്റുകളുമായി ആലപ്പുഴയില്‍ എത്തി പുന്നമട ഫിനിഷിങ് പോയിന്റില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഭക്ഷണം കഴിക്കാനും എ.ടി.എമ്മില്‍ നിന്നു പണം എടുക്കാനുമായി ബേസില്‍ രാത്രി 11.45 ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമെത്തി. ഈ സമയം രണ്ട് ജീപ്പുകളിലായി എത്തിയ പോലീസിനെ കണ്ട് സമീപത്തുണ്ടായിരുന്ന കുറച്ച് ആളുകള്‍ അവിടെ നിന്ന് ഓടിപ്പോയി.
കാര്യം എന്താണെന്ന് അറിയാതെ ഈ സമയം ബേസില്‍ അവിടെ നിന്നിരുന്നു. ബേസിലിനു നേരെ പാഞ്ഞടുത്ത പോലീസ് ലാത്തി ഉപയോഗിച്ച് മൂന്നു നാലു തവണ അടിച്ചു. അകാരണമായി അടിച്ച നടപടിയെ ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞു. ജീപ്പിനു സമീപം നിന്ന ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞപ്പോള്‍ അവരും ചീത്ത വിളിച്ചതായി ബേസില്‍ പറയുന്നു.
ആരെയും തിരഞ്ഞു പിടിച്ച് മര്‍ദിച്ചില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചിലര്‍ ഉപദ്രവിക്കുന്നതായി സ്ത്രീകള്‍ വിളിച്ചു പരാതി പറഞ്ഞതു പ്രകാരമായിരുന്നു അവിടെ എത്തിയത്. അവിടെ കൂടി നിന്നവരെ പറഞ്ഞയച്ചു. കൂട്ടത്തില്‍ നിന്ന പരാതിക്കാരന്‍ പോകാന്‍ കൂട്ടാക്കിയില്ല. അപ്പോള്‍ ശാസിച്ചു വിട്ടു. അടിക്കുകയോ അസഭ്യം പറയുകയോ ചെയ്തില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.
ബേസിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ആലപ്പുഴ തെറിമൈത്രി പോലീസിന്റെ ഇന്നലത്തെ പരാക്രമം സംബന്ധിച്ച്, ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്. നടപടികള്‍ക്കായി കാത്തിരിക്കുന്നു. കാക്കി നാട്ടുകാരുടെ നെഞ്ചത്ത് കയറാനും കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിക്കാനുമുള്ള അധികാരക്കുപ്പായമല്ല എന്ന് തെറി മൈത്രി പോലീസിനെ ജില്ലാ പോലീസ് മേധാവി പഠിപ്പിക്കുമോ എന്ന് നോക്കട്ടെ.