ന്യൂഡല്‍ഹി: ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് രാജ്യത്ത് ഒരേതരം ചാര്‍ജര്‍ പരിഗണനയിലെന്നു സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരേതരം ചാര്‍ജര്‍ നടപ്പാക്കുന്നതു പരിശോധിക്കാന്‍ കര്‍മസമിതി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാര്‍ ചൗബേ രാജ്യസഭയില്‍ ബിനോയ് വിശ്വത്തെ രേഖാമൂലം അറിയിച്ചു.
ഇലക്ട്രോണിക്‌സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യ സംഘടനകളുടെയും സാങ്കേതിക വിദ്യാസ്ഥാപനങ്ങളിലെയും പ്രതിനിധികള്‍ സമിതിയിലുണ്ട്.
മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് യുഎസ്ബി ടൈപ്പ് സി ചാര്‍ജര്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2023 ഡിസംബര്‍ 28നകം മാര്‍ഗനിര്‍ദേശം പുറത്തിറക്കാനും 2024 ഡിസംബര്‍ 28ന് പ്രാബല്യത്തില്‍ വരുത്താനുമാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം.