IndiaNEWS

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് മിന്നുംജയം, എക്‌സിറ്റ് പോള്‍ സര്‍വ്വേകള്‍ക്ക് തെറ്റി; മോദിപ്രഭാവം മറികടന്ന്, ബിജെപി കോട്ടകളും കീഴടക്കികോണ്‍ഗ്രസ്

ദില്ലി: തളരാതെ തകരാതെ കോണ്‍ഗ്രസ്. ഹിമാചല്‍ പ്രദേശില്‍ 40 സീറ്റുകളില്‍ ആധിപത്യം നേടി കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. ഭരണവിരുദ്ധ വികാരവും വിമതരും ബിജെപിയെ 26 സീറ്റിലൊതുക്കിയപ്പോള്‍ ബിജെപി കോട്ടകളില്‍ പോലും കരുത്തുകാട്ടിയാണ് കോണ്‍ഗ്രസിന്റെ വിജയമെന്നത് ശ്രദ്ധേയം.മോദിപ്രഭാവം മറികടന്നാണ് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ മിന്നും ജയം. മോദി പ്രഭാവത്തില്‍ തുടര്‍ ഭരണം നേടാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്കാണ് വന്‍ തിരിച്ചടിയേറ്റത്. എക്‌സിറ്റ് പോള്‍ സര്‍വ്വേകളില്‍ ഹിമാചല്‍ ഇത്തവണ ബിജെപിയെ തുണയ്ക്കുമെന്നായിരുന്നു ഫലം. എന്നാല്‍ ഭരണമാറ്റത്തിന്റെ പതിവ് തെറ്റാതെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിനെ തുണച്ചു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് പ്രചാരണം ഫലം കണ്ടു.

പ്രാദേശിക വിഷയങ്ങളുയര്‍ത്തിയുള്ള കോണ്‍ഗ്രസ് നിലപാടിന് ഹിമാചലിന്റെ അംഗീകാരം. രാഹുല്‍ ഗാന്ധിയുടെ അഭാവത്തില്‍ പ്രിയങ്ക സംസ്ഥാനമാകെ നടത്തിയ പ്രചാരണവും അഗ്‌നിവീര്‍ റദ്ദാക്കുമെന്ന പ്രഖ്യാപനവും കോണ്‍ഗ്രസ് വിജയ ഘടകമായി. അഗ്‌നിവീര്‍ റദ്ദാക്കുമെന്ന പ്രഖ്യാപനത്തോടൊപ്പം തൊഴില്ലില്ലായ്മ, വിലക്കയറ്റം, ആപ്പിള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങി കോണ്‍ഗ്രസ് ഉന്നയിച്ച വിഷയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചതിന് തെളിവാണ് തിളക്കമാര്‍ന്ന വിജയം. ഒബിസി വോട്ടുകള്‍ നിര്‍ണായകമായ 15 സീറ്റുകളുള്ള കാംഗ്രയില്‍ 10 സീറ്റുകളില്‍ കോണ്‍ഗ്രസ് ആധിപത്യം നേടി. ആപ്പിള്‍ കര്‍ഷകര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഷിംലയും കിന്നൗറും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വാധീനമുള്ള നഗരമേഖലകളും കോണ്‍ഗ്രസിനൊപ്പം നിന്നു. പരമ്പരാഗതമായി തുണയ്ക്കുന്ന ഉന സോലന്‍ ജില്ലകളിലും കോണ്‍ഗ്രസ് കരുത്തുകാട്ടി. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചെങ്കിലും ഉച്ചയോടെ കോണ്‍ഗ്രസ് വ്യക്തമായ ലീഡുയര്‍ത്തി.

Signature-ad

‘ജനങ്ങള്‍ ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ വാഗാദനങ്ങള്‍ ഞങ്ങള്‍ പാലിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിന്റെ പ്രതികരണം. കോണ്‍ഗ്രസ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണ നീക്കം ഇതിനോടകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ബിജെപി അട്ടിമറി ഭയന്ന് എംഎല്‍എമാരെ ഛത്തീസ്ഗണ്ഡിലേക്ക് മാറ്റും. ഇക്കാര്യം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥിരീകരിച്ചു. എല്ലാ എംഎല്‍എമാരെയും ഒരുമിച്ച് എളുപ്പം കാണാന്‍ സാധിക്കുമെന്നതിനാലാണ് ചണ്ഡീഗഡിലേക്ക് മാറ്റുന്നതെന്നാണ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിന്റെ വിശദീകരണം. ശക്തികേന്ദ്രങ്ങളിലടക്കം വിമതരാണ് ബിജെപിക്ക് തിരിച്ചടിയായത്. വിജയിച്ച മൂന്ന് സ്വതന്ത്രരില്‍ രണ്ടുപേരും ബിജെപി വിമതരാണ്. ഭരണ വിരുദ്ധ വികാരവും തോല്‍വിക്ക് കരാണമായി. അന്തിമ ഫലപ്രഖ്യപനത്തിന് കാക്കാതെ മുഖ്യമന്ത്രി ജയറാം താക്കൂര്‍ തോല്‍വി സമ്മതിച്ചു. ഇരുപാര്‍ട്ടികളുടെയും വോട്ടുകള്‍ ചോര്‍ത്തുമെന്ന് കരുതിയ ആംആദ്മി പാര്‍ട്ടി സംസ്ഥാനത്ത് കാര്യമായ ചലനമുണ്ടാക്കിയില്ലെന്നതും ശ്രദ്ധേയമാണ്.

Back to top button
error: