പാളത്തിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ അമ്മയും മകനും; പാഞ്ഞടുത്ത് ട്രെയിനില്‍നിന്ന് അദ്ഭുതകരമായ രക്ഷപ്പെടല്‍
ബംഗളൂരു: റെയില്‍പാളത്തിലൂടെ അതിവേഗത്തില്‍ ട്രെയിന്‍ കടന്നുപോകുമ്പോള്‍ പരസ്പരം ചേര്‍ത്തുപിടിച്ച്, പ്രാണന്‍ കാക്കുകയായിരുന്നു ആ അമ്മയും മകനും. പാളം മുറിച്ചുകടക്കാന്‍ തുടങ്ങുന്നതിനിടെ ട്രെയിന്‍ സമീപത്തെത്തിയതോടെ ഇരുവര്‍ക്കും പ്ലാറ്റ്ഫോമിന് താഴെയുള്ള ചുമരില്‍ ചാരി പരസ്പരം ചേര്‍ത്തുപിടിച്ചിരിക്കാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ.
കാലബുര്‍ഗി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇരുവര്‍ക്കും കയറാനുള്ള ട്രെയിന്‍ നിര്‍ത്തുന്ന പ്ലാറ്റ്ഫോമിലേക്ക് എളുപ്പത്തിലെത്താനാണ് ട്രാക്ക് മുറിച്ചുകടന്നത്. എന്നാല്‍, പാളത്തില്‍നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിന് മുമ്പ് ട്രെയിന്‍ വന്നു. ട്രെയിന്‍ കടന്നുപോകുന്നതുവരെ പാളത്തിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ ചുരുണ്ടിരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.
ട്രെയിന്‍ കടന്നുപോകുന്നതുവരെ പരസ്പരം മുറുകെപ്പിടിച്ചിരിക്കുന്ന അമ്മയുടേയും മകന്റേയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. ട്രെയിന്‍ കടന്നുപോകുന്നതുവരെ ശ്വാസമടക്കി നിന്ന ഒരുവലിയ സംഘം യാത്രക്കാര്‍ക്ക് ഇരുവരും അദ്ഭുതകരമായി രക്ഷപ്പെട്ടതോടെ ഏറെ ആശ്വാസമാണുണ്ടായത്.