ഷിംല: തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ രാജിവെച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരാജയം ബിജെപി പരിശോധിക്കുമെന്ന് താക്കൂര്‍ അറിയിച്ചു. ദേശീയ നേതാക്കള്‍ വിളിപ്പിച്ചാല്‍ ദില്ലിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എമാരെ ചണ്ഡീഗഡിലേക്ക് മാറ്റുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചു. എല്ലാ എംഎല്‍എമാരെയും ഒരുമിച്ച് എളുപ്പം കാണാന്‍ സാധിക്കുമെന്നത് കൊണ്ടാണ് ചണ്ഡീഗഡിലേക്ക് പോകുന്നതെന്ന് പിസിസി അധ്യക്ഷ പ്രതിഭാ സിംഗ് വ്യക്തമാക്കി. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണം ബിജെപി അട്ടിമറിക്കുമെന്ന് പേടിക്കുന്നില്ലെന്നും പ്രതിഭ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റിയതിന് സംസ്ഥാനത്തെ ജനങ്ങളോട് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിനും ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിനും അഭിനന്ദനങ്ങള്‍. ജനത്തിന് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
हिमाचल प्रदेश की जनता को इस निर्णायक जीत के लिए दिल से धन्यवाद।
सभी कांग्रेस कार्यकर्ताओं और नेताओं को हार्दिक बधाई। आपका परिश्रम और समर्पण इस विजय की शुभकामनाओं का असली हकदार है।
फिर से आश्वस्त करता हूं, जनता को किया हर वादा जल्द से जल्द निभाएंगे।
— Rahul Gandhi (@RahulGandhi) December 8, 2022
സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതുവരെ 35 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ട്. അഞ്ചിടത്തില്‍ കോണ്‍ഗ്രസ് മുന്നേറുന്നതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. 18 സീറ്റില്‍ ഇതിനോടകം വിജയിച്ച ബിജെപി ഏഴിടത്ത് മുന്നിലാണ്. സ്വതന്ത്രര്‍ മൂന്ന് സീറ്റിലാണ് വിജയിച്ചത്. സ്വതന്ത്രരുടെ പിന്തുണയില്ലാതെ തന്നെ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമുണ്ട്. അതേസമയം സിപിഎം സംസ്ഥാനത്തെ തങ്ങളുടെ സിറ്റിങ് സീറ്റായ തിയോഗില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.