Movie

ധ്യാൻ ശ്രീനിവാസൻ്റെ ‘വീകം’ മത്സ്യകന്യക കേന്ദ്ര കഥാപാത്രമായ ‘ഐ ആം എ ഫാദർ’ രാം ഗോപാൽ വർമയുടെ ‘ഡെയ്ഞ്ചറസ്’ യോഗി ബാബു നായകനായ ‘ദാദാ’ എന്നീ ചിത്രങ്ങൾ നാളെ തീയേറ്ററിലെത്തും

കേരളത്തിലെ സിനിമാ തീയേറ്ററുകൾ വെള്ളിയാഴ്ച ഉത്സവ പറമ്പുകളാകും. ശ്രദ്ധേയമായ 4 ചിത്രങ്ങളാണ് നാളെ റിലീസ് ചെയ്യുന്നത്. സാഗർഹരി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ധ്യാൻ ശ്രീനിവാസൻ്റെ ‘വീകം’ പോലീസ് പശ്ചാത്തലത്തിൽ പൊളിറ്റിക്കൽ സ്റ്റോറി പറയുന്ന ചിത്രമാണ്.

മത്സ്യകന്യക കേന്ദ്ര കഥാപാത്രമായ ‘ഐ ആം എ ഫാദർ’ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് രാജു ചന്ദ്രയാണ്. രാം ഗോപാൽ വർമയുടെ ‘ഡെയ്ഞ്ചറസ്’ ലെസ്ബിയൻ പ്രണയകഥ പറയുന്ന വ്യത്യസ്ത ചലച്ചിത്രാനുഭവമായിരിക്കും. യോഗി ബാബു കേന്ദ്രകഥാപാത്രയി എത്തുന്ന ക്രൈം ത്രില്ലർ ‘ദാദാ’ യുടെ രചനയും സംവിധാനവും ഗിന്നസ്സ് കിഷോറാണ്.

ധ്യാന്‍ ശ്രീനിവാസനൊപ്പം ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ‘വീക’ത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ്‌ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ്- ഹരീഷ് മോഹൻ, സംഗീതം- വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം- പ്രദീപ്‌ എം.വി, പ്രൊജക്റ്റ്‌ ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവർ ചേർന്നാണ് ‘വീകം’ നിര്‍മ്മിക്കുന്നത്.

‘അക്കകുരുവി’ എന്ന തമിഴ്ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ മഹീൻ, ‘തൊണ്ടി മുതലും ദൃക് സാക്ഷി’യിലൂടെ പ്രശസ്തനായ മധുസൂദനൻ, അക്ഷര രാജ്, അനുപമ, സാമി എന്നിവർക്ക് പുറമെ ഇൻഷാ, ആശ്വന്ത്, റോജി മാത്യു, സുരേഷ് മോഹൻ, വിഷ്ണു വീരഭദ്രൻ, രഞ്ജൻ ദേവ് തുടങ്ങിയവരും അഭിനയിക്കുന്ന ‘ഐ ആം എ ഫാദർ’ വായക്കോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ മധുസൂദനൻ നിർമിക്കുന്ന ചിത്രമാണ്. പ്ലാൻ 3 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സഹ നിർമ്മാണം. സംവിധായകൻ രാജു ചന്ദ്ര തന്നെയാണ് ചിത്രത്തിൻ്റെ ഗാനരചനയും, ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്.
കഥാപശ്ചാത്തലവും, മത്സ്യകന്യകയുടെ ദൃശ്യവുമെല്ലാം, വേറിട്ടൊരു ആസ്വാദനത്തിന് പ്രതീക്ഷ നൽകുന്നു . ഇതിനോടകം നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരങ്ങൾ നേടിയ ഐ ആം എ ഫാദർ’ പുതുമയുള്ള ചിന്തകൾക്ക് ലോക സിനിമയിലെ കലാ, വിപണന മൂല്യങ്ങളും ചേർത്തു പിടിക്കുന്നു. 10 ദിവസം കൊണ്ട് പൂർത്തിയാക്കിയ സിനിമയിൽ കണ്ണൂരിന്റെ കടലോര ഭംഗി ആസ്വദിക്കാനാകും.

ചിത്രം മൂന്ന് ഭാഷകളിലായി നാളെ റിലീസ് ചെയ്യുന്ന രാം ഗോപാൽ വര്‍മയുടെ ‘ഡെയ്ഞ്ചറസ്’ ലെസ്ബിയൻ പ്രണയകഥ പറയുന്ന ആക്ഷന്‍ ക്രൈം ചിത്രമാണ്. അപ്‍സര റാണിയും നൈന ഗാംഗുലിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ.ജി.വി കമ്പനി പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സമൂഹത്തിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയത്തിന് എത്രമാത്രം ബഹുമാനവും പരി​ഗണനയും ലഭിക്കുന്നുവോ അതേ പരി​ഗണന എൽജിബിറ്റി സമൂഹത്തിനും അവരുടെ പ്രണയത്തിനും ലഭിക്കണമെന്നാണ് ഈ ചിത്രം പറയുന്നത്.

തമിഴ്, മലയാളം, കന്നട എന്നീ 3 ഭാഷകളിൽ റിലീസ് ചെയ്യുന്ന ‘ദാദാ’ തീർത്തുമൊരു ക്രൈം ത്രില്ലർ ചിത്രമാണ്. യോഗി ബാബുവിനെ കൂടാതെ നിതിൻ സത്യ, ഗായത്രി, മനോ ബാല, സിംങ്കമുത്തു, നാസർ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നു. ആർ.എച്ച് അശോക് ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. ഡി.നാഗാർജുൻ എഡിറ്റിംങ് നിർവഹിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധാനം കാർത്തിക് ക്രിഷ്ണൻ ഒരുക്കുന്നു.

വാർത്ത: പി.ശിവപ്രസാദ്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: