CrimeNEWS

പി.എന്‍.ബി തട്ടപ്പില്‍ മുന്‍ മാനേജറുടെ ജാമ്യാപേക്ഷ തള്ളി; ലുക്ക്ഔട്ട് സര്‍ക്കുലര്‍

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സീനിയര്‍ മാനേജര്‍ എം.പി. റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ മുന്‍ സീനിയര്‍ മാനേജറാണ് റിജില്‍. കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടുകളില്‍നിന്ന് ഇയാള്‍ 12.6 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇതില്‍ രണ്ടരക്കോടി രൂപ ബാങ്ക് കോര്‍പ്പറേഷന് തിരികെ നല്‍കിയിരുന്നു. ബാങ്കില്‍ നടത്തിയ പരിശോധനയില്‍ ആകെ 21.29 കോടി രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തിയിരുന്നു.

അതിനിടെ, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍പോയ റിജിലിനായി പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. രാജ്യം വിട്ടുപോകാതിരിക്കാന്‍ വിമാനത്താവളങ്ങളിലാണ് സര്‍ക്കുലര്‍ നല്‍കിയത്. റിജിലിന്റെ വീട്ടിലും പി.എന്‍.ബി.യുടെ ലിങ്ക് റോഡ്, എരഞ്ഞിപ്പാലം ശാഖകളിലും കോര്‍പ്പറേഷന്‍ ഓഫീസിലുമെല്ലാം ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. വീട്ടില്‍നിന്ന് പെന്‍ഡ്രൈവ്, ഐ പാഡ് തുടങ്ങിയവ കണ്ടെടുക്കുകയും ചെയ്തു.

Signature-ad

21.29 കോടിയുടെ തിരിമറിയില്‍ 12.68 കോടിയാണ് ബാങ്കില്‍നിന്ന് നഷ്ടപ്പെട്ടിട്ടുള്ളത്. ഇതില്‍ പത്തുകോടിയിലേറെ ഓഹരിവിപണിയില്‍ റിജിലിന് നഷ്ടമായി. ബംഗളൂരു കേന്ദ്രീകരിച്ചുള്ള ഓഹരിവിപണി കമ്പനി വഴിയാണ് ഇടപാടുകള്‍ നടത്തിയിട്ടുള്ളത്. ശേഷിക്കുന്ന തുക റമ്മി കളിക്കാനും മറ്റുചില ഇടപാടുകള്‍ക്കും ഉപയോഗിച്ചിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ശേഖരിച്ചെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ പറഞ്ഞു.

 

Back to top button
error: