ലക്ക്‌നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലെ ഗ്രാമങ്ങള്‍ ആര്‍ക്കും പരിഹാരം കണ്ടെത്താനാകാത്ത ഒരു പ്രശ്‌നത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഗ്രാമത്തിലേക്ക് കല്യാണം കഴിച്ചു വന്ന യുവതികള്‍ ആരും ഭര്‍ത്താക്കന്മാര്‍ക്കൊപ്പം അവരുടെ വീടുകളില്‍ കഴിയാന്‍ തയ്യാറാകുന്നില്ല. എല്ലാവരും സ്വന്തം വീടുകളിലേക്ക് ഓടിപ്പോവുകയാണ്. ഭര്‍ത്താക്കന്മാരുടെ പീഡനമോ അമ്മായിയമ്മയുടെ പീഡനമോ കുടുംബ തര്‍ക്കമോ ഒന്നുമല്ല ഇതിന് കാരണം, നിസ്സാരം എന്ന് നമ്മള്‍ കരുതുന്ന ഈച്ചകള്‍ ആണ് ഇവിടെ വില്ലന്മാരായി എത്തിയിരിക്കുന്നത്.
ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് ഈച്ചകള്‍ കൂട്ടമായി എത്തിയാണ് ഇവിടുത്തെ ഗ്രാമങ്ങളില്‍ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. കല്യാണം കഴിച്ചു വന്ന യുവതികളെല്ലാം ഇവിടെ നിന്ന് ഓടിപ്പോകുന്നു എന്നത് മാത്രമല്ല ഇവിടേക്ക് കല്യാണം കഴിച്ചു വരാന്‍ ഒരു യുവതികളും തയ്യാറാകുന്നില്ല എന്നതും ഈ ഗ്രാമങ്ങളെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബദായാന്‍ പുര്‍വ, കുയാന്‍, പട്ടി, ദഹീ, സേലംപൂര്‍, ഫത്തേപൂര്‍, ഝല്‍ പൂര്‍വ, നയാ ഗാവ്, ദിയോറിയ, ഏക്ഘര എന്നീ ഗ്രാമങ്ങളിലാണ് ഈച്ചകള്‍ നിറഞ്ഞിരിക്കുന്നത്. ആയിരക്കണക്കിന് ഈച്ചകളാണ് ഈ ഗ്രാമങ്ങളില്‍ വന്നു കൂടിയിരിക്കുന്നത്.
ഈച്ചകളുടെ ശല്യം ഒന്നുകൊണ്ടുമാത്രം ഈ ഗ്രാമങ്ങളില്‍നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആറു പെണ്‍കുട്ടികളാണ് ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങിയത്. ഈച്ചകളുടെ ശല്യം നാള്‍ക്ക് നാള്‍ കൂടി വന്നതോടെ ഇപ്പോള്‍ പെണ്‍കുട്ടികള്‍ ആരും ഈ ഗ്രാമങ്ങളിലേക്ക് വിവാഹം കഴിച്ചു വരാന്‍ തയ്യാറാകുന്നില്ല. വിവാഹപ്രായമായിട്ടും വിവാഹം കഴിക്കാന്‍ സാധിക്കാതെ നിരവധി പുരുഷന്മാരാണ് അവിവാഹിതരായി ഈ ഗ്രാമങ്ങളില്‍ കഴിയുന്നത്. 2014 -ല്‍ പ്രദേശത്ത് ഒരു കോഴി ഫാം ആരംഭിച്ചതോടെയാണ് ഈച്ച ശല്യം ആരംഭിച്ചത്. ഇത് ഈച്ചകളുടെ കൂട്ടത്തെ ആകര്‍ഷിച്ചു, ബദായാന്‍ പൂര്‍വ ഗ്രാമത്തിലാണ് ഏറ്റവും കൂടുതല്‍ ഈച്ചകള്‍ വന്നുകൂടിയിരിക്കുന്നത്. അനിയന്ത്രിതമായ ഈച്ച ശല്യത്തിനെതിരെ ഗ്രാമവാസികള്‍ ഇപ്പോള്‍ ധര്‍ണ നടത്തി പ്രതിഷേധിക്കുകയാണ്.