KeralaNEWS

മലപ്പുറത്ത് അബൂബകര്‍ പഴേടത്തിൻ്റെ ‘രഹസ്യ അറ’യിൽ നിന്ന് 5 കിലോ സ്വര്‍ണവും പണവും പിടിച്ചെടുത്തു, അബൂബകര്‍ വിവാദമായ സ്വര്‍ണ കള്ളക്കടത്തിലെ ഗുണഭോക്താവെന്ന് ഇ.ഡി

   സ്വര്‍ണ കള്ളക്കടത്ത് കേസിന്റെ ഗുണഭോക്താവെന്ന് പറയുന്ന മലപ്പുറം ആസ്ഥാനമായ ജ്വലറി ഹൗസ് പ്രമോട്ടറുടെ ‘രഹസ്യ അറയില്‍’ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡില്‍ 2.51 കോടി രൂപ വിലമതിക്കുന്ന അഞ്ചു കിലോ സ്വര്‍ണവും മൂന്നു ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തതായി ദേശിയ ദിനപത്രമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

മലപ്പുറത്തെ മലബാര്‍ ജ്വല്ലറി ആന്‍ഡ് ഫൈന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പ്രമോട്ടര്‍ അബൂബകര്‍ പഴേടത്തിന്റെ നാല് സ്ഥലങ്ങളിലും കോഴിക്കോട്ടെ അറ്റ്ലസ് ഗോള്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിനോടു ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഇ.ഡി നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും പിടിച്ചെടുത്തത്.

Signature-ad

2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെ യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജില്‍ നിന്ന് 15 കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്ത സ്വര്‍ണക്കടത്ത് കേസ് ഇ.ഡിക്ക് പുറമെ ദേശീയ അന്വേഷണ ഏജന്‍സിയും (എൻ.ഐ.എ) കസ്റ്റംസും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ റെയ്ഡുകളെ കുറിച്ചും ഏജന്‍സിയുടെ ആരോപണങ്ങളെ കുറിച്ചും അബൂബകര്‍ പഴേടത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഒത്താശയോടെ സരിത് പി എസ്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഗുണഭോക്താക്കളില്‍ ഒരാളാണ് മലപ്പുറത്തെ അബൂബകര്‍ പഴേടത്ത് എന്ന് ഇ.ഡി അറിയിച്ചു. 2020 ജൂലൈ അഞ്ചിന് കസ്റ്റംസ് പിടിച്ചെടുത്ത 15 കിലോ സ്വര്‍ണത്തില്‍ മൂന്നു കിലോ സ്വര്‍ണം അബൂബകര്‍ പഴേടത്തിന്റേതാണെന്നും ഇഡി വെളിപ്പെടുത്തി.

നേരത്തെ യു.എ.ഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി താന്‍ ആറ് കിലോ സ്വര്‍ണം കടത്തിയതായി ചോദ്യം ചെയ്യലില്‍ പഴേടത്ത് പറഞ്ഞതായും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
കള്ളക്കടത്ത് സ്വര്‍ണം വാങ്ങുന്നതിനുള്ള തുക അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങളില്‍ നിന്ന് (മലബാര്‍ ജ്വല്ലറി, ഫൈന്‍ ഗോള്‍ഡ് & അറ്റ്‌ലസ് ഗോള്‍ഡ് സൂപ്പര്‍ മാര്‍കറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്) സമാഹരിച്ചതായും അബൂബകര്‍ പഴേടത്ത് ഇപ്പോഴും തന്റെ സ്ഥാപനങ്ങള്‍ വഴി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി എന്നും ഇ.ഡി പറഞ്ഞു.

ഈ കംപനികളിലും അബൂബകറിന്റെ താമസ സ്ഥലങ്ങളിലും നടത്തിയ പരിശോധനയില്‍ ഒരു അറയില്‍ നിന്ന് 3.79 ലക്ഷം രൂപയുടെ ഇന്‍ഡ്യന്‍ കറന്‍സിക്കൊപ്പം 2.51 കോടി രൂപ വിലമതിക്കുന്ന 5.058 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തുവെന്നും ഇഡി അറിയിച്ചു.

Back to top button
error: