KeralaNEWS

ലഹരിക്കെണി പിടിമുറുക്കുന്നു

ഒരിക്കൽ പെട്ട് പോയാൽ പിന്നീടൊരിക്കലും തിരിച്ച് വരാനാകാത്ത വിധത്തിൽ മുറുകെ പിടിക്കുകയാണ് ലഹരി സംഘങ്ങൾ. സ്കൂൾ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉൾപ്പെടുന്ന സംഘം ഇങ്ങനെ കേരളം മുഴുവൻ വ്യാപിച്ച് കിടക്കുകയാണ്. ലഹരിക്കെതിരായ ശക്തമായ പോരാട്ടം നമ്മൾ നടത്തുമ്പോഴും പലയിടങ്ങളിൽ നിന്നും കേൾക്കുന്നത് ലഹരിമാഫിയയുടെ വേര് നാട്ടിൽ എത്രത്തോളം ആഴ്ന്നിറങ്ങി എന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളാണ്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിലൂടെ നമ്മൾ കേട്ടതും അത്തരത്തിലുള്ളൊരു വാർത്തയാണ്.

‘നർകോട്ടിക് ഈസ് എ ഡേട്ടി ബിസിനസ്’ എന്ന പരമ്പരയിലൂടെ കേരളത്തിലെ ലഹരിമാഫിയയെ ഒരുപരിധി വരെ തുറന്ന് കാട്ടിയ ഏഷ്യാനെറ്റ് വീണ്ടും സമൂഹത്തിന് നാശമായി നിൽക്കുന്ന ലഹരി സംഘങ്ങളിലേക്കും അവരുടെ കെണിയിൽ വീണുപോയവരെയും സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടുന്നു എന്നത് പ്രശംസനീയമാണ്.
കോഴിക്കോട് വടകര അഴിയൂരിൽ നിന്നാണ് അവസാനമായി ലഹരിമാഫിയയുടെ ക്രൂരതയെ പറ്റി നമ്മൾ കേട്ടത്. ലഹരിമാഫിയയുടെ കെണിയിൽ വീണുപോയ ഒരു പതിമൂന്ന്‍ വയസ്സുകാരിയുടെ വാക്കുകളാണ് ഏഷ്യാനെറ്റ് ന്യൂസ് ലോകത്തിന് മുന്നിൽ എത്തിച്ചത്. സ്കൂളിൽ വച്ച് പരിചയപ്പെട്ട ഒരു ചേച്ചി നൽകിയ ബിസ്ക്കറ്റായിരുന്നു ആ കുട്ടിയെ ലഹരിയുടെ ലോകത്തേക്ക് എത്തിച്ചത്. പിന്നീട് നിരന്തരം ലഹരി നൽകുകയും ലഹരി വിൽപ്പനയ്ക്കായി കുട്ടിയെ ഉപയോഗിക്കുകയും ചെയ്തു. സ്കൂൾ ബാഗിൽ വരെ ലഹരി വിൽപ്പന ചെയ്തെന്ന് കുട്ടി പറഞ്ഞത് ഏറെ ആശങ്കയുളവാക്കുന്നതാണ്. ലഹരി സംഘത്തിൽ നിന്ന് രക്ഷ നേടാനായി പൊലീസിന് മുന്നിലെത്തിയെങ്കിലും പ്രതിയെ ചോദ്യം ചെയ്ത് വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്.

Signature-ad

സ്റ്റേഷന് മുന്നിൽ പോലും, കാര്യങ്ങൾ പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തിയത് ലഹരി സംഘങ്ങൾ എത്രത്തോളം നമ്മുടെ നാട്ടിൽ വേരൂന്നിയിരിക്കുന്നു എന്നതിന് ഉദാഹരണമാണ്.
ഇത്തരം കാര്യങ്ങൾ ലോകത്തിന് മുന്നിൽ ഇനിയും എത്തിക്കാൻ ഓരോ വാർത്താ മാധ്യമങ്ങളും ശ്രമിക്കണം. നാടിനെ പിടിമുറുക്കിയ ലഹരി സംഘങ്ങളെ ഉൻമൂലനം ചെയ്യാൻ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുന്നത് പോലെയുള്ള വാർത്തകൾക്ക് സാധിക്കും. സ്കൂളുകളിൽ വിലസുന്ന ലഹരി സംഘങ്ങൾക്കെതിരെ അന്വേഷണം നടത്താനും പ്രതികളെ കണ്ടെത്താനും ഇത്തരം റിപ്പോർട്ടുകൾക്ക് കഴിയും. ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാർത്തയ്ക്ക് പിന്നാലെ ഇടപെടൽ വേഗത്തിലുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇടപെടലുകൾ സമൂഹത്തിന് ആവശ്യമാണ്. പുറത്ത് വിടുന്ന വാർത്തകളുടെ വ്യാപ്തി ഏറിയതാകുമ്പോൾ സ‍ർക്കാർ സംവിധാനവും ഉണർന്ന് പ്രവർത്തിക്കണം. എങ്കിൽ മാത്രമേ ലഹരിയെന്ന മഹാവിപത്തിൽ നിന്ന് നാടിനെ രക്ഷിക്കാനാകൂ.

Back to top button
error: