KeralaNEWS

വിഴിഞ്ഞം തുറമുഖസമരം പിൻവലിച്ചു, തീരുമാനം ഇന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്‌ക്കൊടുവിൽ

ഒടുവിൽ 140–ാം ദിവസം വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം പിൻവലിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനായത്. തത്കാലത്തേക്ക് സമരം അവസാറ്റിപ്പിക്കുന്നു എന്ന് സമരസമിതി അറിയിച്ചു. എന്നാൽ തുറമുഖ നിർമാണം നിർത്തില്ലെന്ന് സർക്കാർ സമരക്കാരോട് നേരിട്ടു തന്നെ പറഞ്ഞു.

ഉന്നയിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമായില്ലെന്ന് സമരസമിതി അറിയിച്ചു. കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രതിമാസ വാടക 5,500 രൂപ തന്നെയാണ്. പഠനസമിതിയിൽ പ്രാദേശിക പ്രതിനിധി വേണമെന്നതിലും തീരുമാനമായില്ല. തീരശോഷണത്തിൽ കൂടുതൽ പഠനങ്ങൾ വേണമെന്ന് സമരസമിതി അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാം എന്നാണ് ധാരണ. തുറമുഖ സെക്രട്ടറിയും കമ്മിറ്റിയിൽ അംഗമാണ്. തുറമുഖ നിർമാണം തടസ്സപ്പെടുത്തില്ല. ആഘാതത്തെക്കുറിച്ച് പഠനം തുടരുമെന്നും സമരസമിതി അറിയിച്ചു.

Signature-ad

ഇന്നു വൈകിട്ട് ചീഫ് സെക്രട്ടറിയും ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതിയും സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നാല് നിർദേശങ്ങളാണ് ചീഫ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ സമരസമിതി മുന്നോട്ടുവച്ചത്.

വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം, കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 8,000 രൂപ പ്രതിമാസ വാടക നൽകണം, ഇതിനായുള്ള പണം അദാനിയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നു നൽകണ്ട, തീരശോഷണം പഠിക്കാനുള്ള സമിതിയിൽ പ്രാദേശിക  പ്രതിനിധി വേണം. ഇവയാണ് സമരസമിതി മുന്നോട്ടുവച്ച നിർദേശങ്ങൾ.

Back to top button
error: