കാഞ്ഞങ്ങാട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചാലിങ്കാല്‍ സുശീലാഗോപാലന്‍ നഗറിൽ നീലകണ്ഠനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവ് ഗണേശന്‍ എന്ന സെല്‍വരാജ് (61) അറസ്റ്റില്‍. കര്‍ണാടക സ്വദേശിയായ ഗണേശനെ അമ്പലത്തറ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ മുകുന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബെംഗ്‌ളുറു ബണ്ണാര്‍ഗട്ടയില്‍ നിന്നാണ് പിടികൂടിയത്.
ആഗസ്ത് ഒന്നിന് പുലര്‍ച്ചെയാണ് പരേതരായ പൊന്നപ്പന്‍- കമലാവതി ദമ്പതികളുടെ മകന്‍ നീലകണ്ഠന്‍ (36) കൊല്ലപ്പെട്ടത്. വീട്ടിനകത്ത് ഉറങ്ങിക്കിടന്ന നീലകണ്ഠനെ ഗണേശൻ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. നീലകണ്ഠനും സഹോദരി സുശീലയുടെ ഭര്‍ത്താവായ ഗണേശനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സംഭവ സമയത്ത് നീലകണ്ഠന്റെ ഭാര്യയും കുട്ടിയും ബെംഗ്ളൂറിലെ ഭാര്യ വീട്ടിലായിരുന്നു.
നീലകണ്ഠന്റെ മറ്റൊരു സഹോദരിയുടെ മകന്‍ അഭിജിത് ഗണേശന്റെ കൂടെ പെയിന്റിംഗ് ജോലി ചെയ്തിരുന്നു. ശമ്പളത്തില്‍ നിന്ന് നല്ലൊരു ശതമാനം ഗണേശന്‍ കൈലാക്കിയിരുന്നു. ബാക്കി തുക മാത്രമാണ് നല്‍കിയിരുന്നത്. ഇത് ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് ഉറങ്ങികിടന്ന നീലകണ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഗണേശനെ പിടികൂടാന്‍ വേണ്ടി നാല് മാസത്തോളം അമ്പലത്തറ പൊലീസ് സംഘം കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലും ബന്ധുവീടുകളിലും നിരന്തരം അന്വേഷണം നടത്തിവരികയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണ്‍ മൈസൂരില്‍ വച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
പ്രതിയെ കണ്ടെത്താന്‍ അമ്പലത്തറ പൊലീസ് കര്‍ണാടക പൊലീസിന്റെ സഹായം തേടിയിരുന്നു. ഗണേശനെതിരെ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു
പലവട്ടം പൊലീസ് സംഘം ഗണേശനെ പിന്‍തുടര്‍ന്ന് എത്തിയെങ്കിലും ഇയാള്‍ അവിടെ നിന്ന് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ബണ്ണാര്‍ഗട്ടയിലുള്ള മകളുടെ വീട്ടില്‍ ഇയാള്‍ക്കായി നിരന്തരം അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ, തിങ്കളാഴ്ച മകളുടെ വീട്ടില്‍ ഗണേശന്‍ വന്നതായി അമ്പലത്തറ പൊലീസിന് രഹസ്യ വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ ടികെ.മുകുന്ദന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം ബണ്ണാര്‍ഗട്ടയില്‍ വച്ച് പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു