പനമ്പള്ളി നഗറിലെ അപ്പാർട്ട്മെൻ്റിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട സിനിമാ നിർമാതാവ് ജയ്സൻ ഇളംകുളത്തിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം. രണ്ടു ദിവസമായി ഫോണിൽ വിളിച്ചു കിട്ടാതെ വന്നതോടെ വിദേശത്തുള്ള ഭാര്യ റുബീന പിതാവിനെ വിളിച്ച് അറിയിച്ചു. തുടർന്ന് അദ്ദേഹം ഫ്ലാറ്റിലെത്തുകയായിരുന്നു. അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു ഫ്ലാറ്റ്.
രണ്ടു ദിവസമായി ഫ്ലാറ്റിലേക്കു ഭക്ഷണം വരുത്തിയിരുന്നില്ലെന്നും അദ്ദേഹത്തെ പുറത്തു കണ്ടിട്ടില്ലെന്നും സമീപവാസികൾ പറയുന്നു. ഭാര്യ റുബീന ആവശ്യപ്പെട്ടതു പ്രകാരം റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഫ്ലാറ്റ് തുറന്നപ്പോൾ കിടപ്പുമുറിയിൽ മരിച്ച നിലയിലാണ് ജയ്സനെ കണ്ടെത്തിയത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. രക്തസമ്മർദത്തിനും പ്രമേഹത്തിനും ഇദ്ദേഹം മരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇൻക്വസ്റ്റ് പരിശോധനകൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം ജയ്സന്റെ മൃതദേഹം നാളെ കോട്ടയം ഇളങ്കുളത്തെ വീട്ടിലേക്കു കൊണ്ടുപോകും. വൈകുന്നേരത്തോടെ സംസ്കാരം നടത്താനാണ് ആലോചിക്കുന്നതെന്നു ബന്ധുക്കൾ പറഞ്ഞു.
ആർ.ജെ ക്രിയേഷൻസ് എന്ന ഫിലിം നിർമ്മാണക്കമ്പനി ഉടമയായ ജയ്സൻ പ്രൊഡക്ഷൻ കൺട്രോളറായാണ് ചലച്ചിത്ര രംഗത്തെത്തിയത്. അവസാനം ഇറങ്ങിയ സിനിമ ഇദ്ദേഹത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നതായി പറയുന്നു. ഒപ്പമുണ്ടായിരുന്നവർ കാര്യമായി ചൂഷണം ചെയ്തിരുന്നതായും അനാവശ്യ പ്രചാരണം നടത്തിയത് ജയ്സനെ മാനസിക സമ്മർദത്തിലാക്കിയിരുന്നു എന്നും സുഹൃത്തുക്കൾ പറയുന്നു.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗമായ ജയ്സൻ ജമുനാ പ്യാരി, ലവകുശ എന്നീ സിനിമകളാണ് ഒടുവിൽ നിർമിച്ചത്. ഭാര്യ റുബീനയും മകൾ പുണ്യയും വിദേശത്താണ്.