CrimeNEWS

അടച്ചിട്ടിരുന്ന വാടകവീടിനുള്ളിലെ ഡ്രമ്മില്‍ ഒരു വര്‍ഷം പഴക്കമുള്ള യുവതിയുടെ ശരീരഭാഗങ്ങള്‍

അമരാവതി: ഡല്‍ഹിയിലെ ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തിന്‍െ്‌റ ഞെട്ടല്‍ മാറും മുന്‍പേ ആന്ധ്രാപ്രദേശിലും യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിശാഖപട്ടണത്തെ മദുരാവധയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പൂട്ടിക്കിടന്ന വീടിനുള്ളില്‍ ഒരു ഡ്രമ്മില്‍ നിന്നാണ് ഒരു വര്‍ഷം പഴക്കമുണ്ടെന്ന് സംശയിക്കുന്ന യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വാടകയ്ക്ക് നല്‍കിയിരുന്ന വീട് ഉടമസ്ഥന്‍ പൂട്ട് തുറന്നുപരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. ഭാര്യയുടെ പ്രസവസംബന്ധമായ ആവശ്യങ്ങള്‍ പറഞ്ഞ് 2021 ജൂണിലാണ് വാടകക്കാരന്‍ വീടൊഴിഞ്ഞത്. എന്നാലിയാള്‍ വാടകതുക മുഴുവനായും നല്‍കിയിരുന്നില്ല. ഇതിനിടെ മറ്റൊരിക്കല്‍ വീടിന്റെ പുറകുവശത്തുകൂടി ഇയാള്‍ വാടക വീട്ടില്‍ എത്തിയെന്നും എന്നിട്ടും തരാനുള്ള പണം നല്‍കിയില്ലെന്നും ഉടമസ്ഥന്‍ പറയുന്നു. ഒരു വര്‍ഷം കാത്തിരുന്നതിനുശേഷം വാടകക്കാരന്‍ ഉപേക്ഷിച്ചുപോയ സാധനങ്ങള്‍ മാറ്റി വീട് വൃത്തിയാക്കുന്നതിനായി ഉടമസ്ഥന്‍ വീട് തുറന്നു പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് വീടിനുള്ളില്‍ ഉണ്ടായിരുന്ന ഡ്രമ്മില്‍ യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

പിന്നാലെ ഉടമ പോലീസിനെ അറിയിക്കുകയായിരുന്നു. ശരീരഭാഗങ്ങള്‍ വാടകക്കാരന്റെ ഭാര്യയുടേതാകാമെന്നും ഒരു വര്‍ഷത്തെ പഴക്കമുള്ളതായി സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു. ഉടമയുടെ പരാതിയിന്‍മേല്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

Back to top button
error: