ഹൈദരാബാദ്: തായ്ലാന്‍ഡില്‍നിന്നുള്ള വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സര്‍വകലാശാലാ അധ്യാപകനെതിരേ കേസെടുത്തു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ 62 വയസുകാരനായ പ്രൊഫസര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
വെള്ളിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ വാരാന്ത്യ പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രൊഫസര്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും അടിക്കുകയും ചെയ്‌തെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഗാച്ചിബൗളി പോലീസാണ് കേസെടുത്തത്. പരാതി ഉയര്‍ന്നതിന് പിന്നാലെ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
പാര്‍ട്ടിക്കിടെ അതിക്രമത്തിന് ശ്രമം നടന്നതായി വിദ്യാര്‍ഥിനി തായ് വിദ്യാര്‍ഥിനി യൂണിയന്‍ നേതാവിനെയാണ് ആദ്യം അറിയിച്ചത്. തുടര്‍ന്ന് അധ്യാപകനെതിരേ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് പരാതി നല്‍കി. എന്നാല്‍, സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് അതിവേഗം നടപടികള്‍ ഉണ്ടായില്ലെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. തുടര്‍ന്നാണ് അധ്യാപകനെതിരേ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. ശനിയാഴ്ച ഗാച്ചിബൗളി പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പരാതി നല്‍കി. പ്രൊഫസര്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും അത് തടഞ്ഞതിനെത്തുടര്‍ന്ന് അടിച്ചെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.