KeralaNEWS

തരൂരിനെതിരേ വീണ്ടും പടയൊരുക്കം; പരാതി നല്‍കാനൊരുങ്ങി കോട്ടയം ഡി.സി.സി

കോട്ടയം: ശശി തരൂര്‍ എം.പിക്കെതിരേ കോണ്‍ഗ്രസില്‍ വീണ്ടും പടയൊരുക്കം. തരൂരിനെതിരെ കെ.പി.സി.സി അച്ചടക്കസമിതിക്ക് കോട്ടയം ഡി.സി.സി പരാതി നല്‍കും. തരൂര്‍ പങ്കെടുക്കുന്ന ഈരാറ്റുപേട്ടയിലെ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് കെ.പി.സി.സി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. പാര്‍ട്ടി ചട്ടക്കൂട് മറികടക്കുന്നതിന് കൂട്ടുനില്‍ക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പരിപാടിയെ കുറിച്ച് തന്നെ അറിയിക്കാത്തതിനാല്‍ തരൂരിനൊപ്പം യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ എത്തില്ലെന്ന നിലപാടിലാണ് കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷും. നാട്ടകം സുരേഷ്, തിരുവഞ്ചൂരുമായി കൂടിക്കാഴ്ച നടത്തി. ശശി തരൂരിന്റെ തെക്കന്‍ ജില്ലകളിലെ പര്യടന പരിപാടി ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഇരുവരുടെയും പ്രതികരണം. തരൂരിന്റെ മലബാര്‍ പര്യടനം കോണ്‍ഗ്രസില്‍ വന്‍ വിവാദമായിരുന്നു.

Signature-ad

ഇന്ന് പാലായില്‍ കെ.എം.ചാണ്ടി അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്ന തരൂര്‍ പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ കാണും. വൈകിട്ട് ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടിയിലും നാളെ പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും എത്തുന്ന തരൂര്‍ വൈകിട്ട് മറൈന്‍ ഡ്രൈവില്‍ ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റിയുടെ രജതജൂബിലി ആഘോഷത്തില്‍ അതിഥിയാണ്. മറ്റന്നാള്‍ രാവിലെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയും പര്യടന പരിപാടിയില്‍ ഉണ്ട്. ഡല്‍ഹിയില്‍നിന്ന് രാവിലെ തിരുവനന്തപുരത്ത് എത്തുന്ന തരൂര്‍ വെള്ളയമ്പലം ബിഷപ് ഹൗസില്‍ എത്തി ചര്‍ച്ചയ്ക്കു ശ്രമിക്കുന്നുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: