CrimeNEWS

വിആർ ഹെഡ്‍സെറ്റ് വാങ്ങി നൽകിയില്ല; അമ്മയെ 10 വയസുകാരൻ വെടിവച്ച് കൊന്നു

വെർച്വൽ റിയാലിറ്റി ഹെഡ്‍സെറ്റ് വാങ്ങി നൽകാത്തതിന് അമ്മയെ 10 വയസുകാരൻ മകൻ വെടിവച്ച് കൊന്നു. നവംബർ 21 -ന് മിൽവാക്കിയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. രാവിലെ തുണി കഴുകുന്നതിനിടയിലാണ് അമ്മ മകന്റെ വെടിയേറ്റ് മരിച്ചത്. എന്നാൽ, കുട്ടി പൊലീസിനോട് പറഞ്ഞത് അബദ്ധത്തിൽ തന്റെ കയ്യിൽ നിന്നും വെടി പൊട്ടുകയും അമ്മ മരിക്കുകയും ചെയ്തു എന്നാണ്.

എന്നാൽ, പിന്നീട് അവന് അത് തിരുത്തി പറയേണ്ടി വരികയായിരുന്നു. അബദ്ധത്തിൽ വെടി പൊട്ടിയാവണം സ്ത്രീ മരിച്ചത് എന്ന് കരുതിയ പൊലീസ് അവനെ വീട്ടുകാർക്കൊപ്പം അയക്കുകയായിരുന്നു. അവനാദ്യം പറഞ്ഞിരുന്നത് അമ്മയുടെ ബെഡ്‍റൂമിൽ യാദൃച്ഛികമായി തോക്ക് കണ്ടു എന്നാണ്. എന്നാൽ, അവന്റെ ആന്റി അവന്റെ കയ്യിൽ പല താക്കോലുകൾക്കൊപ്പം തോക്ക് വച്ചിരുന്നിടത്തെ താക്കോലും കണ്ടപ്പോൾ അവനെ വിശദമായി ചോദ്യം ചെയ്തു. ആ സമയത്താണ് അമ്മയെ താൻ മനപ്പൂർവം കൊന്നതാണ് എന്ന് കുട്ടി സമ്മതിക്കുന്നത്. മാത്രമല്ല, അതിൽ അവന് യാതൊരു വിഷമമോ പശ്ചാത്താപമോ തോന്നിയിരുന്നും ഇല്ല.

ക്വിയാന മാൻ എന്ന 44 -കാരിയാണ് മകന്റെ വെടിയേറ്റ് മരിച്ചത്. കൊലപാതകം നടന്ന് ഒരു ദിവസത്തിന് ശേഷം, അവൻ അമ്മയുടെ ആമസോൺ അക്കൗണ്ട് ഉപയോഗിച്ച് പത്തായിരത്തിനും നാല്‍പതിനായിരത്തിനും ഇടയില്‍ വിലയുള്ള ഹെഡ്‌സെറ്റും ഓർഡർ ചെയ്തു. അതേ ദിവസം തന്നെ അവൻ തന്റെ ഏഴ് വയസുള്ള കസിനെ ഉപദ്രവിക്കുകയുമുണ്ടായി.

ഇതോടെ വീട്ടുകാർ ഈ സംഭവങ്ങളെല്ലാം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് അവനെ വീണ്ടും വിശദമായി ചോദ്യം ചെയ്തു. അതിലാണ് താൻ അമ്മയെ മനപ്പൂർവം വെടിവച്ച് കൊന്നതാണ് എന്ന് അവൻ സമ്മതിക്കുന്നത്. കുട്ടി നേരത്തെയും ഇത്തരത്തിലുള്ള അപകടകരമായ പല കാര്യങ്ങളും ചെയ്തിട്ടുണ്ട് എന്ന് പറയുന്നു. വളർത്തുമൃ​ഗത്തെ ഉപദ്രവിക്കുക, ബലൂണിൽ അപകടകരമായ ദ്രാവകം നിറച്ച് തീ കൊടുക്കുക ഇങ്ങനെ പല കാര്യങ്ങളും അവൻ നേരത്തെ ചെയ്തിട്ടുണ്ടത്രെ.

​ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ചിലപ്പോൾ കുട്ടികളെ മുതിർന്നവരെ പോലെ കണക്കാക്കി വിചാരണ ചെയ്യുകയും ശിക്ഷ വധിക്കുകയും ചെയ്യാറുണ്ട്. ഈ 10 വയസുകാരനെയും മുതിർന്നവനായി കണക്കാക്കിയാണ് വിചാരണ ചെയ്തത്. എന്നാൽ, കുട്ടിയായി കണ്ട് അവനെ പരി​ഗണിക്കണം എന്ന് കുട്ടിയുടെ അഭിഭാഷകർ വാദിച്ചു. കുട്ടിക്ക് മാനസികമായി ചില പ്രശ്നങ്ങളുണ്ട് എന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. അവൻ ചിലപ്പോൾ ആരോ തന്നോട് സംസാരിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട് എന്ന് വീട്ടുകാരോട് പറയാറുണ്ടായിരുന്നുവത്രെ.

‘ഒരു പത്തുവയസുകാരനെ മുതിർന്നയാളെ പോലെ ശിക്ഷിക്കുമ്പോൾ അവനോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് ഇവിടുത്തെ വ്യവസ്ഥിതിക്ക് അറിയില്ല. അതുകൊണ്ട് അവനെ കുട്ടിയായി തന്നെ പരി​ഗണിച്ച് വിചാരണം ചെയ്യണം’ എന്ന് അവന്റെ അഭിഭാഷകരിലൊരാളായ ഏഞ്ചല കണ്ണിംഗ്ഹാം പറഞ്ഞു.

Back to top button
error: