വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ല. സമരസമിതിയുടെ ആറ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. വിദഗ്ദ സമിതിയെ നിയോഗിച്ചത് സമരക്കാരുടെ ആവശ്യപ്രകാരമാണ്. ഇതില്‍ കൂടുതല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രക്ഷോഭങ്ങളുടെ പേരില്‍ വികസനപദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ല. വിഴിഞ്ഞം പദ്ധതി ഉപേക്ഷിച്ചാല്‍ കേരളത്തിന്റെ വിശ്വാസ്യത തകരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നാടിനെ നശിപ്പിക്കുന്ന ശക്തികള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒത്തുകൂടുകയാണ്. വിഴിഞ്ഞം പദ്ധതിക്കെതിരായ ഒരു നീക്കവും അനുവദിക്കില്ല. വിഴിഞ്ഞം പൊലീസ് സ്റ്റേഷന് നേരെയുണ്ടായത് മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തിയ ആക്രമണമാണ്. അക്രമം ഉണ്ടാകില്ലെന്ന ഉറപ്പ് സമാധാനയോഗത്തില്‍ സമരസമിതി നല്‍കിയിട്ടില്ല. സമരം മറ്റു തലങ്ങളിലേക്ക് വഴിമാറ്റാന്‍ ശ്രമിക്കുകയാണ്. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. അബ്ദുറഹ്മാന്‍ എന്ന പേരിന് എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുസ്ലീം പേരായത് കൊണ്ട് തീവ്രവാദിയെന്ന് എങ്ങനെ പറയാന്‍ കഴിയുന്നെന്നും, എന്താണ് ഇളക്കി വിടാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.