കോട്ടയം: നാട്ടുകാര്‍ ദുരൂഹത ആരോപിച്ച വയോധികയുടെ മരണം കൊലപാതകം. ഒരാഴ്ചയ്ക്കുള്ളില്‍ മകന് അറസ്റ്റില്‍. പനച്ചിക്കാട് പാതിയപ്പള്ളിക്കടവ് ഭാഗത്ത് തെക്കേക്കുറ്റ് സതിയമ്മ(80) ആണു കൊല്ലപ്പെട്ടത്. മകന് ബിജുവിനെ (52) ആണ് പോലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ 20നാണ് സതിയമ്മയെ ബന്ധുക്കള്‍ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. വീണു തലയ്ക്കു പരുക്കേറ്റു എന്നായിരുന്നു ആശുപത്രി അധികൃതരെ അറിയിച്ചത്.
ചികിത്സയ്ക്കുശേഷം പിറ്റേന്ന് ആരോഗ്യസ്ഥിതി വഷളായി. തുടര്‍ന്നായിരുന്നു മരണം. പിന്നാലെ 24 ന് ഉച്ചയ്ക്ക് സംസ്കാരം നടത്താന്‍ തീരുമാനിച്ചു. ഇതിനിടെ നാട്ടുകാര്‍ ഉള്‍പ്പെടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംസ്കാരത്തിന് തൊട്ടുമുന്‍പ് മൃതദേഹം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനുശേഷമാണ് മൃതദേഹം വിട്ടുനല്‍കിയത്.
കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്. ശാസ്ത്രീയ പരിശോധനയില്‍ തലയ്ക്കു പിന്നിലേറ്റ പ്രഹരമാണ് മരണകാരണമെന്നു കണ്ടെത്തി. തുടര്‍ന്നു മകന് ബിജുവിനെ കസ്റ്റഡിയില്‍ എടുത്തു വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് സംഭവത്തിന്‍െ്റ ചുരുളഴിയുന്നത്.
ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി. മരണത്തിനു മുന്‍പ് അമ്മയും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ബിജു ഉപദ്രവിച്ചുവെന്നും നാട്ടുകാര്‍ പോലീസിന് സൂചന നല്‍കിയിരുന്നു.