KeralaNEWS

മാമോദീസ ചടങ്ങിന് വിളമ്പിയ കേടായ ബീഫ് ബിരിയാണി കഴിച്ച് 30 ഓളം പേര്‍ക്ക് ചൊറിച്ചിലും ഛര്‍ദിയും വയറിളക്കവും, കേറ്ററിങ് ഉടമയ്‌ക്കെതിരെ കേസ്

മട്ടാഞ്ചേരിക്കടുത്ത് മുണ്ടംവേലി സ്വദേശിയുടെ മകന്റെ മാമോദീസ ചടങ്ങിന് വിളമ്പിയ കേടായ ബീഫ് ബിരിയാണി കഴിച്ച് അതിഥികളായി എത്തിയ പലർക്കും ചൊറിച്ചിലും ഛര്‍ദിയും വയറിളക്കവും പിടിപെട്ടതായി പരാതി. ഭക്ഷണം കഴിച്ച 30 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സതേടി. സംഭവം വിവാദമായതോടെ ചടങ്ങിന് കേടായ ബീഫ് ബിരിയാണി വിളമ്പിയ കേറ്ററിങ് ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു..

മാമോദീസ ചടങ്ങിനെത്തുന്നവര്‍ക്ക് നല്‍കാനായി മട്ടാഞ്ചേരി സ്വദേശി ഹാരിസിനായിരുന്നു കേറ്ററിങ് നല്‍കിയത്. നൂറ്റിമുപ്പത് പേര്‍ക്കുള്ള ബിരിയാണിക്കാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. ചടങ്ങിന് ആളുകളെത്തി തുടങ്ങിയപ്പോള്‍ കേറ്ററിങ്ങുകാര്‍ കൊണ്ടുവച്ച ചെമ്പ് തുറന്നുനോക്കിയപ്പോള്‍ തന്നെ അസ്വാഭാവികമായ മണം പരന്നതായി സ്ഥലത്തുണ്ടായിരുന്നവര്‍ പരാതിപ്പെട്ടു.

Signature-ad

പലരും ഇക്കാര്യം അറിയിച്ചതോടെ അസ്വാഭാവികത തോന്നിയ വീട്ടുടമ കേറ്ററിങ് ഏറ്റെടുത്ത ഹാരിസിനെ വിളിച്ച് വിവരം പറഞ്ഞു. ഇതിനിടെ ഭക്ഷണം വിളമ്പിയിരുന്ന കേറ്ററിങ് തൊഴിലാളികള്‍ സ്ഥലം വിടുകയും ചെയ്തതോടെ സംശയം ഇരട്ടിച്ചു. എന്നാല്‍, ഈ സമയത്തിനുള്ളില്‍ മുപ്പതോളം പേര്‍ ഭക്ഷണം കഴിച്ചിരുന്നു.

കഴിച്ചവരില്‍ പലരും ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതോടെ വീട്ടുടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതനുസരിച്ച് സ്ഥലത്തെത്തിയ തോപ്പുംപടി പൊലീസ്, കേറ്ററിങ് ഉടമ ഹാരിസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളുടെ ഫോണ്‍ സ്വച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ചടങ്ങിനെത്തിയ മറ്റുള്ളവര്‍ക്ക് വേറെ ഭക്ഷണം വരുത്തി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് അറിയിച്ചതനുസരിച്ച് ഫുഡ് സേഫ്റ്റി ഓഫീസര്‍ എം.എന്‍ ഷംസിയയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സ്ഥലത്തെത്തി ഭക്ഷണത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. പ്രാഥമിക പരിശോധനയില്‍ പഴകിയ ഇറച്ചി ഉപയോഗിച്ചാണ് ബിരിയാണി പാചകം ചെയ്തതെന്ന് കണ്ടെത്തി.

തുടര്‍ന്ന് ഉടമയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേറ്ററിങ് ഉടമ ഹാരിസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ അറിയിച്ചു.

Back to top button
error: