KeralaNEWS

അവയവ ദാനത്തിലൂടെ 4 പേര്‍ക്ക് പുതുജീവനേകി 17കാരനും പ്ലസ് ടു വിദ്യാര്‍ഥിയുമായ അമല്‍ കൃഷ്ണ വിട പറഞ്ഞു

അവയവദാനത്തിലൂടെ നാലുപേര്‍ക്ക് പുതുജീവനേകി അമല്‍ കൃഷ്ണ (17) യാത്രയായി. തൃശൂര്‍ വല്ലച്ചിറ സ്വദേശിയായ വിനോദ്- മിനി ദമ്പതിമാരുടെ ഏക മകനായ അമലിനെ നവംബര്‍ 17നാണ് തലവേദനയെയും ഛര്‍ദ്ദിയെയും തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് സ്‌ട്രോക്ക് സംഭവിക്കുകയും അവിടെ നിന്ന് ഗുരുതരാവസ്ഥയില്‍ 22ന് പുലര്‍ച്ചെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തിക്കുകയും ചെയ്തു.

സ്‌ട്രോക്കിനെ തുടര്‍ന്ന് തലച്ചോറിന്റെ ഇടത്തെ ഭാഗത്തെ പ്രവര്‍ത്തനം നിലച്ച നിലയിലാണ് അസ്റ്ററില്‍ എത്തിച്ചത്. ഇതേ തുടര്‍ന്ന് 25ന് രാവിലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയും ചെയ്തു. ആസ്റ്റര്‍ മെഡിസിറ്റി പീഡിയാട്രിക് ഐസിയു കണ്‍സള്‍ടന്റ് ഡോ. ആകാന്‍ക്ഷ ജെയിന്‍, പീഡിയാട്രിക് ന്യൂറോളജി വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ഡേവിഡ്‌സണ്‍ ദേവസ്യ എന്നിവര്‍ മാതാപിതാക്കളും ബന്ധുക്കളുമായി അവയവദാനത്തിന്റെ മഹത്വത്തെ കുറിച്ച് സംസാരിച്ചു.

Signature-ad

തുടര്‍ന്ന് അമലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തയ്യാറായതോടെ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അമലിന്റെ കരള്‍ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ തന്നെ ചികിത്സിയില്‍ കഴിയുന്ന കോലഞ്ചേരി സ്വദേശിയായ 66കാരനിലും, ഒരു വൃക്ക എറണാകുളം സ്വദേശിയായ 55 വയസുള്ള സ്ത്രീയിലുമാണ് മാറ്റിവച്ചത്. മറ്റൊരു വൃക്ക കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേയ്ക്കും, നേത്ര പടലം ഗിരിദര്‍ ഐ ഹോസ്പിറ്റലിലേയ്ക്കും നല്‍കി.

നടപടിക്രമങ്ങള്‍ക്ക് ശേഷം 26ന് രാവിലെ മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കി. ചേര്‍പ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു അമല്‍. അമലിന്റെ കരളും, വൃക്കയും, കണ്ണുകളും നാലുപേരിലൂടെ ഇനിയും ജീവിക്കും. മകന്‍ നഷ്ടപ്പെട്ട വേദനയിലും മരണാനന്തര അവയവ ദാനത്തിന്റെ നല്ല സന്ദേശകരാവുകയാണ് അമലിന്റെ മാതാപിതാക്കള്‍.

Back to top button
error: