IndiaNEWS

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിക്കയവില്ല; മുഖ്യമന്ത്രി സ്ഥാനത്തിന് അഭിപ്രായ വോട്ടെടുപ്പ് വേണം, എഐസിസിക്ക് മുന്നിൽ നിർദ്ദേശവുമായി സച്ചിൻ പൈലറ്റ് 

ദില്ലി: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിക്കയവില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി കരുക്കള്‍ നീക്കുന്ന സച്ചിന്‍ പൈലറ്റ് അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന് എഐസിസിയോടാവശ്യപ്പെട്ടു. ചതിയനാണെന്ന വിശേഷണത്തിലും, ബിജെപി ക്യാമ്പില്‍ നിന്ന് ചില എംഎല്‍എമാര്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന ഗലോട്ടിന്‍റെ ആരോപണത്തിലുമുള്ള കടുത്ത പ്രതിഷേധം സച്ചിന്‍ രാഹുല്‍ ഗാന്ധിയേയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അറിയിച്ചിട്ടുണ്ട്. പ്രശ്നം തീര്‍ക്കാന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നേരിട്ട് ഇടപെടും.ഗലോട്ടിനെയും സച്ചിനെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്താനാണ് നീക്കം. ഗുജറാത്ത് ഫലം വരുന്ന അടുത്ത മാസം 8 ന് ശേഷമാകും ചര്‍ച്ച.

എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണയിലാണ് മുഖ്യമന്ത്രി കസേര വിട്ടൊഴിയില്ലെന്ന് അശോക് ഗലോട്ട് ആവര്‍ത്തിക്കുന്നത്. ദേശീയ അധ്യക്ഷനാകാനുള്ള ഹൈക്കമാന്‍‍ഡിന്റെ ക്ഷണം തള്ളി രാജസ്ഥാനില്‍ തുടരുന്നതും ഈ ബലത്തിലാണ്. ഇരുപതില്‍ താഴെ എംഎല്‍എമാരെ ഒപ്പമുള്ളൂവെന്ന് വ്യക്തമായിരുന്നെങ്കിലും, മുഴുവന്‍ പേരുടെയും നിലപാട് അഭിപ്രായ വോട്ടെടുപ്പിലൂടെ അറിയാനാണ് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. സമ്മര്‍ദ്ദം ചെലുത്തിയും, ഭീഷണിപ്പെടുത്തിയും എംഎല്‍എമാരെ ഇതുവരെ ഗലോട്ട് ഒപ്പം നിര്‍ത്തുകയായിരുന്നുവെന്നാണ് സച്ചിന്‍റെ വാദം. ചതിയനാണെന്ന വിശേഷണത്തിലും, ബിജെപി ക്യാമ്പില്‍ നിന്ന് ചില എംഎല്‍എമാര്‍ പത്ത് കോടി രൂപവരെ കൈപ്പറ്റിയിട്ടുണ്ടെന്ന ഗലോട്ടിന്‍റെ ആരോപണത്തിലുമുള്ള കടുത്ത പ്രതിഷേധം സച്ചിന്‍ രാഹുല്‍ ഗാന്ധിയേയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അറിയിച്ചിട്ടുണ്ട്.

അതേ സമയം സച്ചിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്ര തടയുമെന്ന ഗുര്‍ജര്‍ വിഭാഗത്തിന്‍റെ ഭീഷണയില്‍ എഐസിസി നേതൃത്വം അസ്വസ്ഥമാണ്. ഗുര്‍ജര്‍ വിഭാഗത്തിന്‍റെ സമ്മര്‍ദ്ദത്തിന് പിന്നില്‍ സച്ചിന്‍ പൈലറ്റാണെന്ന് ചില നേതാക്കളെങ്കിലും സംശയിക്കുന്നു. ചൊവ്വാഴ്ച രാജസ്ഥാനിലെത്തി ഇടഞ്ഞുനില്‍ക്കുന്നവരോട് സംസാരിക്കാന്‍ കെ സി വേണുഗോപാലിനോട് ഖര്‍ഗെ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഡിസംബര്‍ ആദ്യവാരം സംസ്ഥാനത്തേക്ക് കടക്കുന്ന ഭാരത് ജോഡോ യാത്രക്ക് നേരെ പ്രതിഷേധമുയര്‍ന്നാല്‍ അത് വലിയ ക്ഷീണമാകും. ഗലോട്ടിനെയും സച്ചിനെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്താനാണ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ നീക്കമെന്നറിയുന്നു. ഗുജറാത്ത് ഫലം വരുന്ന അടുത്ത് 8ന് ശേഷമാകും ചര്‍ച്ച നടക്കുക.

Back to top button
error: