ലണ്ടന്‍: ബ്രിട്ടനില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്‌സുമാര്‍ വേതന വര്‍ധന ആവശ്യപ്പെട്ട് ഡിസംബര്‍ 15 നും 20 നും പണിമുടക്കും.ഒരു നൂറ്റാണ്ടിനിടെ ഇതാദ്യമാണു നഴ്‌സുമാരുടെ സംഘടന പണിമുടക്കിലേക്കു നീങ്ങുന്നത്. സര്‍ക്കാരുമായി പലവട്ടം ചര്‍ച്ച നടന്നെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണിത്.
കടുത്ത സാമ്പത്തികപ്രതിസന്ധിക്കു നടുവില്‍ നഴ്‌സുമാരുടെ ആവശ്യം നടപ്പിലാക്കാനാവില്ലെന്നാണു ആരോഗ്യമന്ത്രി സ്റ്റീവ് ബാര്‍ക്ലേ വ്യക്തമാക്കിയത്. ജീവിതച്ചെലവുകള്‍ നിയന്ത്രണാതീതമായി ഉയര്‍ത്തി 4 പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നാണ്യപ്പെരുപ്പമാണ് (11.1%) ബ്രിട്ടന്‍ നേരിടുന്നത്. ഇതിനിടെ നഴ്‌സുമാരുടെ സമരം കൂടിയാകുമ്പോള്‍ പ്രധാനമന്ത്രി ഋഷി സുനകിനു വെല്ലുവിളിയേറും.
അതിനിടെ, ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയ്ക്കാന്‍ പ്രധാനമന്ത്രി ഋഷി സുനക് നടപടി ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യാന്തര വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതു പരിഗണനയിലാണ്. നിലവാരം കുറഞ്ഞ ബിരുദ കോഴ്‌സുകള്‍ക്കു ചേരുകയും കുടുംബാംഗങ്ങളെ കൊണ്ടുവരികയും ചെയ്യുന്നവര്‍ക്കാണു നിയന്ത്രണം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. യു.കെയിലേക്കുള്ള കുടിയേറ്റം ഈ വര്‍ഷം 5 ലക്ഷം കവിഞ്ഞ സാഹചര്യത്തിലാണു നടപടിയെന്നു പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.