KeralaNEWS

ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ മൂന്നിനും നാലിനും ആഘോഷിക്കും

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ മൂന്ന്, നാല് തീയതികളിലായി ആഘോഷിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചു. ക്ഷേത്രം തന്ത്രി പി.സി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും അഭിപ്രായം പരിഗണിച്ച് ദേവസ്വം ഭരണസമിതി ഏകകണ്ഠമായാണ് തീരുമാനം എടുത്തത്.

ഡിസംബര്‍ മൂന്നിനാണ് ദേവസ്വം വക ഉദയാസ്തമയ പൂജ. നാലിന് ദേവസ്വം വക വിളക്കാഘോഷം. മൂന്നിനും നാലിനും ഏകാദശി പ്രസാദ ഊട്ടും ഉണ്ടാകും. ഗജരാജന്‍ കേശവന്‍ അനുസ്മരണം നേരത്തെ നിശ്ചയിച്ചതു പോലെ ഡിസംബര്‍ രണ്ടിന് നടത്തും. ചെമ്പൈ സംഗീതോത്സവം ഡിസംബര്‍ മൂന്നിന് സമാപിക്കും.

Signature-ad

ഇത്തവണ സാധാരണയില്‍ നിന്ന് ഭിന്നമായി രണ്ട് ദിവസമായാണ് ഏകാദശി വരുന്നത്. 57.38 നാഴിക ഏകാദശിയായി വരുന്നത് വൃശ്ചികം 17ാം തീയതിയായ ഡിസംബര്‍ മൂന്നിനാണ്. അന്ന് ഏകാദശി ആഘോഷിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.

പിന്നീട് ജ്യോതിഷ പണ്ഡിതന്‍മാരുടെയും വൈദികരുടെയും അഭിപ്രായം കൂടി പരിഗണിച്ച് 1992- 93 വര്‍ഷങ്ങളില്‍ സമാന സാഹചര്യത്തില്‍ ദേവസ്വം സ്വീകരിച്ച നടപടിക്രമം കൂടി കണക്കിലെടുത്ത് ഇത്തവണ ഡിസംബര്‍ നാലിനും ഏകാദശി ആഘോഷിക്കാനും ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ വിളക്ക് നടത്താനും ഭരണ സമിതി തീരുമാനിക്കുകയായിരുന്നു.

ദ്വാദശി പണ സമര്‍പ്പണം ഡിസംബര്‍ നാലിനു രാത്രി 12 മണി മുതല്‍ ഡിസംബര്‍ അഞ്ച് രാവിലെ ഒന്‍പത് മണി വരെ നടക്കും.
ത്രയോദശി ഊട്ട് ഡിസംബര്‍ ആറിന് നടത്തും. എകാദശി ദിവസങ്ങളില്‍ കാലത്ത് ആറ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുവായ ക്യൂവില്‍ നിന്നുള്ള ദര്‍ശനം മാത്രമേ ഉണ്ടാകൂ. ചോറൂണ്‍ കഴിഞ്ഞ് വരുന്നവര്‍ക്കുള്ള പ്രത്യേക ദര്‍ശനവും ഉണ്ടാകില്ല. ശ്രീലകത്ത് നെയ്യ് വിളക്ക് ശീട്ടാക്കുന്നവര്‍ക്കുള്ള പ്രത്യേക ദര്‍ശനം അനുവദിക്കും.

 

Back to top button
error: