KeralaNEWS

തിരുവനന്തപുരം നഗരസഭയില്‍ ഗേറ്റുകളുപരോധിച്ച് യുവമോര്‍ച്ച; ജീവനക്കാരുമായി വാക്കേറ്റം

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയില്‍ യുവമോര്‍ച്ചയുടെ ഉപരോധം. നഗരസഭാ ഗേറ്റുകള്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഉപരോധിച്ചതോടെ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് അകത്ത് കടക്കാനായില്ല. പ്രവേശന കവാടങ്ങള്‍ ഉപരോധിച്ച് പ്രതിഷേധം നടന്നു.

ഇതോടെ ജീവനക്കാരുമായി വാക്കേറ്റവുമുണ്ടായി. ആരെയും കോര്‍പറേഷനിലേക്ക് കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍. ഇതോടെ പോലീസ് ഇടപെട്ട് കോര്‍പറേഷന് പിറകിലെ ഗേറ്റ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.

അതിനിടെ, കത്തു വിവാദത്തില്‍ ക്രൈംബ്രാഞ്ച് സംഘം മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഓഫിസിലെ ജീവനക്കാരുടെയും മൊഴിയെടുത്തു. വിശദ അന്വേഷണത്തിന്റെ ഭാഗമായായിരുന്നു മൊഴിയെടുപ്പ്. കത്ത് വ്യാജമാണെന്ന് ആര്യ രാജേന്ദ്രന്‍ ആവര്‍ത്തിച്ചു. ലെറ്റര്‍ പാഡിലെ ഒപ്പ് സ്‌കാന്‍ ചെയ്ത് കൃത്രിമമായി തയാറാക്കിയതാവാമെന്നും അവര്‍ മൊഴി നല്‍കി. കത്തിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഓഫിസ് ജീവനക്കാരും പറഞ്ഞു.

കോര്‍പ്പറേഷനുകീഴിലുള്ള ഒഴിവുകളിലെ നിയമനത്തിന് ശിപാര്‍ശ തേടിയുള്ള കത്ത് വ്യാജമാണെന്ന ആര്യ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍, കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച കത്ത് കോര്‍പ്പറേഷനില്‍ തന്നെ തയാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.

 

 

Back to top button
error: