കോട്ടയം: ഗവർണറും സർക്കാരും ഭരണഘടനയ്ക്ക് വിധേയമായാണ് പ്രവർത്തിക്കേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അങ്ങനെയല്ല ഗവർണർ പ്രവർത്തിക്കുന്നതെങ്കിൽ നിയമപരമായ നടപടികൾ സർക്കാർ തേടണം. അല്ലാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് ഗവർണറെ വഴിയിൽ തടയാനാവില്ലല്ലോയെന്നും കോട്ടയത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കാനം ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ പുതിയ നേതാവ് ഉണ്ടാവുന്നതും പലരും അതിനെ എതിർക്കുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. തരൂർ ഏതെങ്കിലും സമുദായ നേതാവിനെയോ യുഡിഎഫിലെ മറ്റ് ഘടകക്ഷി നേതാക്കളെയോ കാണുന്നത് രാഷ്ട്രീയപ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് കരുതി അടിയന്തിര ആവശ്യങ്ങൾക്ക് വാഹനം വാങ്ങാൻ പാടില്ല എന്നില്ല. സാമ്പത്തിക ഭദ്രതയുള്ളപ്പോൾ മാത്രം യാത്ര ചെയ്താൽ മതിയോ എന്നും കാനം ചോദിച്ചു. സാമ്പത്തികമായി സർക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പല കാര്യങ്ങളിലുണ്ട്. അതിന്റെ ഇടയ്ക്ക് സർക്കാരിന് അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കണം .യാത്ര ചെയ്യേണ്ടത് അടിസ്ഥാന ആവശ്യമാണ് .യാത്ര ചെയ്യുന്നത് അധിക ചെലവല്ല. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വസ്ത്രം ധരിക്കേണ്ട എന്ന് ആരെങ്കിലും പറയുമോ.നല്ല വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ എന്താണ് കുഴപ്പമെന്ന് ചോദിച്ച അദ്ദേഹം എല്ലാം കണക്ക് വെച്ചാണ് സർക്കാർ ചെയ്യുന്നത്എന്നും ചൂണ്ടിക്കാട്ടി.