വനഭൂമിയിലെ മരം മുറിക്കുന്നത് തടഞ്ഞതിന് ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ഗോത്രവിഭാഗക്കാര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ഗോടികോയ ഗോത്രവര്‍ഗക്കാരുടെ ആക്രമണത്തില്‍ തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡം ജില്ലയിലെ റേഞ്ച് ഓഫീസര്‍ ശ്രീനിവാസറാവു ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. ചന്ദ്രകോണ്ഡയിലെ ആദിവാസികള്‍ മരം മുറിക്കുന്നത് വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇത് വനഭൂമിയാണെന്നും മരം മുറിക്കരുതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇവരെ അറിയിച്ചു.
ഇതേതുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതിനിടെ അരിവാളും കത്തിയും മഴുവുമായെത്തിയ ഗോത്രവിഭാഗക്കാര്‍ റേഞ്ച് ഓഫീസർ ശ്രീനിവാസ റാവുവിനെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.
കേസുമായി ബന്ധപ്പെട്ട് നംഗ, തുല എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
മരിച്ച റേഞ്ച് ഓഫീസറുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായവും കുടുംബത്തിന് സര്‍ക്കാര്‍ ജോലിയും, വിരമിക്കുന്ന പ്രായം വരെ കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ മുഴുവന്‍ ശമ്പളവും കുടുംബത്തിന് നല്‍കുമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖരറാവു അറിയിച്ചു.