CrimeNEWS

മംഗളൂരു സ്ഫോടനം: മുഖ്യപ്രതിയുടെ ബന്ധുവീട്ടിലുള്‍പ്പെടെ 18 ഇടത്ത് റെയ്ഡ്

ബംഗളൂരു: മംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 18 ഇടങ്ങളില്‍ പോലീസ് റെയ്ഡ്. കേസിലെ മുഖ്യ സൂത്രധാരന്‍ ശിവമോഗ സ്വദേശി മുഹമ്മദ് ഷരീഖിന്റെ ബന്ധുവീടുകളില്‍ ഉള്‍പ്പെടെയാണ് പരിശോധന. ശിവമോഗയിലെ തീര്‍ഥഹള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടന്നിരുന്നു. മൈസൂരുവിലും മംഗളൂരുവിലുമാണ് ബുധനാഴ്ച റെയ്ഡ് നടക്കുന്നത്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സ്ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെ കണ്ടെടുത്തിരുന്നു. സ്ഫോടനത്തില്‍ പരുക്കേറ്റ ഷരീഖ് നിലവില്‍ ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ആഭ്യന്തരമന്ത്രിയും സംസ്ഥാന പോലീസ് മേധാവി പ്രവീണ്‍ സൂദും ഇന്ന് സ്ഫോടന സ്ഥലം സന്ദര്‍ശിക്കും.

മംഗളൂരുവിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് ഷരീഖ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടനായ ഷരീഖ് ബോംബ് നിര്‍മ്മാണം പഠിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബോംബ് നിര്‍മ്മാണത്തില്‍ വേണ്ടത്ര പ്രാവീണ്യമില്ലാത്തതിനാലാണ് കുക്കര്‍ ബോംബിന്റെ വീര്യംകുറഞ്ഞതെന്നും പോലീസ് അറിയിച്ചിരുന്നു. ബോംബ് സ്ഫോടനം നടന്ന നവംബര്‍ 19ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മംഗളൂരുവില്‍ ഉണ്ടായിരുന്നു.

 

Back to top button
error: