ഹൈദരാബാദ്: ടി.ആര്‍.എസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനുള്ള ഓപ്പറേഷന്‍ ലോട്ടസ് ആരോപണത്തില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേ തെലങ്കാന പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ആരോപണവിധേയനായ ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചോദ്യംചെയ്യലിന് ഹാജരാകാത്തതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിനും തെലങ്കാന പോലീസ് നോട്ടീസ് നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ അടക്കം ഹാജരാക്കണമെന്നും സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും സന്തോഷിന് അയച്ച നോട്ടീസില്‍പോലീസ് വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് തെലങ്കാന പോലീസിന് മറുപടി നല്‍കി. തെലങ്കാനയില്‍ ടി.ആര്‍.എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ‘ഓപ്പറേഷന്‍ ലോട്ടസ്’ പദ്ധതിയിട്ടെന്നും, ഇതിനു പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് തുഷാര്‍ വെള്ളാപ്പള്ളി ആണെന്നുമാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ആരോപിച്ചത്.
തുഷാര്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ നോമിനിയാണെന്നും, ടി.ആര്‍.എസ് എം.എല്‍.എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ തുഷാര്‍ വാഗ്ദാനം ചെയ്തെന്നും ചന്ദ്രശേഖര്‍ റാവു ആരോപിച്ചിരുന്നു. എം.എല്‍.എമാരെ പണം നല്‍കി ചാക്കിലാക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമത്തിന്റെ വീഡിയോ, കോള്‍ റെക്കോര്‍ഡിംഗ് തെളിവുകളും ചന്ദ്രശേഖര്‍ റാവു പുറത്തുവിട്ടിരുന്നു.