CareersKeralaNEWS

പുത്തൻ തൊഴിൽ ജാലകങ്ങൾ തുറക്കും;നോർക്ക കരിയർ ഫെയറിന് തുടക്കം

കൊച്ചി: നോർക്ക കരിയർ ഫെയറിന് തുടക്കമായി.എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കുന്ന നോര്‍ക്ക-യുകെ കരിയർ ഫെയര്‍  നോര്‍ക്ക ചെയര്‍മാന്‍ സ. പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
യുകെയിലേയ്ക്ക് തൊഴിൽ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് പുതിയ തൊഴിൽ ജാലകങ്ങൾ തുറന്ന് കൊടുക്കാൻ നോർക്ക – യുകെ കരിയർ ഫെയറിന്  കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിനിടയിൽ ഒപ്പുവച്ച ധാരണാ പത്രത്തിന്റെ ഭാഗമായ യു.കെ റിക്രൂട്ട്‌മെന്റിന്റെ ആദ്യ ഘട്ടമാണ് അഞ്ചു ദിവസങ്ങളായി കൊച്ചിയിൽ നടക്കുക. ആദ്യമായാണ്  ഇത്രത്തോളം വ്യവസ്ഥാപിതമായതും ബ്രഹത്തുമായ തൊഴിൽ മേള നേർക്കയുടെ ആഭിമുഖ്യത്തിൽ നടക്കുന്നത്.
യു.കെ യുമായുളള കരാര്‍ കേരളത്തില്‍ നിന്നുളള ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കും. ആരോഗ്യം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ മൂവായിരത്തോളം തൊഴിലവസരങ്ങള്‍ ഇതുവഴി ഉറപ്പുവരുത്തും. പല ഘട്ടങ്ങളിലായാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ മൂവായിരത്തോളം പേരെ ഉള്‍പ്പെടുത്താനാകുമെന്നാണ് കരുതുന്നത്. യുകെയുമായി ഇന്ത്യയില്‍ നിന്ന് ആദ്യമായി ഏര്‍പ്പെടുന്ന കരാര്‍ എന്ന നിലയില്‍ ഇത് വളരെ പ്രാധാന്യമുള്ളതാണെന്നും കൂടുതല്‍ മേഖലകളിലേക്ക് ഇതു വ്യാപിപ്പിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ  നാവിഗോ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് മൈക്ക് റീവ് പറഞ്ഞു.
കേരളവുമായി ഇത്തരത്തിലൊരു കരാറിലേര്‍പ്പെടാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്നുവെന്നും മൈക്ക് റീവ് പറഞ്ഞു. ഏറെ ക്രിയാത്മകമായി പങ്കാളിത്തമാണ് കരാറിലൂടെ സാധ്യമായത്. അറിവും തൊഴില്‍ നൈപുണ്യവും പരസ്പരം പങ്കിടാനുള്ള അവസരമാണ് ഇതുവഴി ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.    ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി സ്വാഗതവും, ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്ഷെയര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പിന്റെ സ്ട്രാറ്റജിക്ക് കള്‍ച്ചറല്‍ ആന്റ് വര്‍ക്ക് ഫോഴ്സ് ലീഡ്  കാത്തി മാര്‍ഷല്‍ നന്ദിയും പറഞ്ഞു.
ഡോക്ടര്‍മാര്‍, വിവിധ സ്‌പെഷാലിറ്റികളിലേയ്ക്കുളള നഴ്‌സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നങ്ങനെ 13 മേഖലകളില്‍ നിന്നുളളവര്‍ക്കയാണ് റിക്രൂട്ട്മെന്റ്. ബ്രിട്ടനില്‍ നിന്നുളള ഇന്റര്‍വ്യൂ പാനലിസ്റ്റുകളുടേയും നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നിരീക്ഷകരുടേയും മേല്‍നോട്ടത്തിലാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ . നോര്‍ക്ക റൂട്ട്സില്‍ നിന്നുളള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
 ആരോഗ്യമേഖലയില്‍ യു. കെ എന്‍.എച്ച്.എസ്സിന്റെ ഭാഗമായുളള 10 തൊഴില്‍ദാതാക്കളാണ് ആദ്യഘട്ട കരിയര്‍ ഫെയറിന്റെ ഭാഗമാകുന്നത്. കരിയര്‍ ഫെയര്‍ നവംബര്‍ 25 ന് അവസാനിക്കും.

Back to top button
error: